കരിങ്കൽ ഖനനം; മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി.

കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശിശുമലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി തുടരുന്ന കരിങ്കല്‍ ഖനനവും പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കവും തടയുന്നതിന് ജനപ്രതിനിധികള്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ. ബൈജുനാഥിനു പരാതി നല്‍കി.
പനമരം ബ്ലോക്ക് പഞ്ചായത്ത് മുള്ളന്‍കൊല്ലി ഡിവിഷന്‍ അംഗം അഡ്വ.പി.ഡി. സജി, മുള്ളന്‍കൊല്ലി പഞ്ചായത്ത് പത്താം വാര്‍ഡ് അംഗം ഷൈജു പഞ്ഞിത്തോപ്പില്‍, 11-ാം വാര്‍ഡ് അംഗം പുഷ്പലത നാരായണന്‍, 12-ാം വാര്‍ഡ് അംഗം ഷിജോ മാപ്ലശേരി, 13-ാം വാര്‍ഡ് അംഗം പി.കെ. ജോസ് എന്നിവരാണ് സംയുക്തമായി പരാതി നല്‍കിയത്. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സനുമായ ജില്ലാ കളക്ടര്‍, ജില്ലാ ജിയോളജിസ്റ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍, ബത്തേരി ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി.
ശിശുമലയുടെ താഴ്‌വാരത്ത് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വര്‍ഷങ്ങളായി കരിങ്കല്‍ ഖനനം നടക്കുന്നതായി പരാതിയില്‍ പറയുന്നു. സമുദ്രനിരപ്പില്‍നിന്നു ഏകദേശം 970 അടി ഉയരത്തിലുള്ള ശിശുമലയുടെ പരിസരങ്ങളിലാണ് പഞ്ചായത്തിലെ 10 മുതല്‍ 14 വരെ വാര്‍ഡുകള്‍. ഇത്രയും വാര്‍ഡുകളിലായി 8,000ല്‍പരം കുടുംബങ്ങളുണ്ട്. മലയുടെ കിഴക്കുഭാഗത്ത് അടിവാരത്താണ് അഞ്ച് വര്‍ഷത്തിലധികമായി കരിങ്കല്‍ ഖനനം നടക്കുന്നത്. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് പാറക്കെട്ടുകള്‍ പൊട്ടിക്കുന്നത്. സ്‌ഫോടനങ്ങള്‍ പ്രദേശത്തെ വീടുകളുടെയും വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെയും നിലനില്‍പ്പിനെ ബാധിക്കുകയാണ്. ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്ന് കിണറുകളും കുഴല്‍ക്കിണറുകളും വറ്റുകയാണ്. ഖനനം മൂലമുള്ള അന്തരീക്ഷ മലിനീകരണം പ്രദേശത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനു കാരണമായി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജനങ്ങള്‍ നിരന്തരം ശബ്ദം ഉയര്‍ത്തിയിയിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ മൗനത്തിലാണ്. ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും നടത്തിപ്പുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല.
ശിശുമലയുടെ തെക്കുഭാഗത്തു ചണ്ണോത്തുകൊല്ലിയില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കിയിരിക്കയാണ്.
മലയുടെ പടിഞ്ഞാറ്-തെക്കു ഭാഗങ്ങളില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്താനുമതി നല്‍കുന്നതിന് രഹസ്യ നീക്കമുണ്ട്. വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതുമാത്രമാണ് ക്വാറി തുടങ്ങാന്‍ നീക്കം നടത്തുന്നവര്‍ക്കു മുന്നിലെ തടസം.
കളിമണ്ണു കലര്‍ന്ന കറുത്ത ലാറ്ററേററ് മണ്ണുളള പ്രദേശമാണ് ശിശുമല. ഇവിടെ കരിങ്കല്‍ ഖനനം നടത്തുന്നത്
മണ്ണിടിച്ചിലിനു കാരണമാകുമെന്ന് കഴിഞ്ഞ വര്‍ഷം വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടാത്ത മട്ടിലാണ് അധികാരികളുടെ പോക്ക്. മതിയായ പഠനം നടത്താതെയാണ് പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുളള നീക്കം. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ശിശുമലയ്ക്കു സമീപം താമസിക്കുന്നവര്‍ നേരിടുന്നത്. പ്രദേശം കമ്മീഷന്‍ സന്ദര്‍ശിക്കണമെന്ന ആവശ്യവും പരാതിയിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *