കൽപറ്റ: വയനാട് ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നൂറോളം ടൂര്‍ ഓപ്പറേറ്റേഴ്‌സ് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. ഓള്‍ കേരള ടൂര്‍ പാക്കേജേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഓപ്പറേറ്റര്‍മാര്‍ ജില്ലയില്‍ എത്തിയത്. ജില്ലയിലെത്തുന്ന വിനോദസഞ്ചാരകള്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ഡി.ടി.പി.സി നിര്‍വാഹക സമിതി അറിയിച്ചു. വയനാട് സുരക്ഷിതം എന്ന സന്ദേശവുമായി വിപുലമായ പ്രചരണ പരിപാടികള്‍ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്നുണ്ട്. കര്‍ളാട് ടൂറിസം കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, ഡി.ടി.പി.സി സെക്രട്ടറി കെ. ജി അജീഷ്, നിര്‍വാഹക സമിതി അംഗം വിജയന്‍ ചെറുകര, കേരള ടൂര്‍ പാക്കേജേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ആസിഫ് പത്തൂര്‍, എം.വി രഞ്ജിത്ത്, അയ്യപ്പന്‍ കുട്ടി, ബൈജു തോമസ്, ടി.ജെ മാര്‍ട്ടിന്‍ എന്നിവര്‍ സംസാരിച്ചു.
