കേരള മനസാക്ഷിയെ സര്‍ക്കാര്‍ വഞ്ചിച്ചു: മുസ്ലിം ലീഗ്

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല വയനാട് ദുരന്ത പശ്ചാത്തലത്തില്‍ അവാസ്തവമായ സാമ്പത്തിക കണക്കുക്കളുണ്ടാക്കി ഇടതു സര്‍ക്കാര്‍ കേരള മനസാക്ഷിയെ വഞ്ചിച്ചെന്ന് മുസ്്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ദുരന്തഭൂമിയിലെ ദയനീയത മുതലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യിച്ചവരെ പരിഹസിക്കുകയാണ് റിപ്പോര്‍ട്ടിലൂടെ സര്‍ക്കാര്‍ ചെയ്തത്.ദുരന്തഭൂമിയില്‍ സേവനം ചെയ്ത ഒരു രക്ഷാപ്രവര്‍ത്തകനും കൂലിവാങ്ങിയിട്ടില്ല. പൊതുശ്‌മശാനത്തിന് സ്ഥലം സൗജന്യമായി ഏറ്റെടുത്തുനൽകുന്നതുൾപ്പെടെ മുസ്ലിം ലീഗിൻ്റെയും സേവനപ്രവർത്തനങ്ങളിൽ വൈറ്റ് ഗാർഡിൻ്റെയും പ്രവർത്തനങ്ങൾ ലോകം കണ്ടതാണ്. കബറടക്കാൻ ഏതെങ്കിലും പള്ളിയോ മറ്റോ പൈസയോ വരിസംഖ്യയോ ഒന്നും ഈടാക്കിയിട്ടുമില്ല. പക്ഷെ ഒരു മൃതദേഹം സംസ്കരിക്കാൻ മുക്കാൽ ലക്ഷം ചിലവായെന്നാണ് സർക്കാർ ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വാടക കണക്കാക്കിയ ആയിരക്കണക്കിന് വാഹനങ്ങളും നൂറുകണക്കിന് ആംബുലൻസുകളും സേവനം ചെയ്‌തത്‌. എന്നാൽ രക്ഷാപ്രവർത്തകരുടെ യാത്രക്ക് 4 കോടി രൂപയായെന്ന് സർക്കാർ കണക്കുണ്ടാക്കിയിരിക്കുന്നു. ഇത് ആത്മസമർപ്പണം നടത്തിയവരെ അപഹസിക്കുന്നതിന് തുല്യമാണെന്നും മുസ് ലിം ലീഗ്.
ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിന് 8 കോടി ചിലവായെന്ന് സർക്കാർ പറയുന്നു. എന്നാൽ ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളും മറ്റു വിഭവങ്ങളും ആവശ്യാനുസരണം ക്യാമ്പുകളിലും വാടക വീടുകളിലും എത്തിച്ചവരാരും പണം വാങ്ങുകയോ പണം ചോദിക്കുകയോ ചെയ്‌തിട്ടില്ല. നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ കീഴിലുള്ള വൈറ്റ് ഗാർഡ് അംഗങ്ങൾ ആദ്യത്തെ നാല് ദിവസം കാലത്ത് 5 മണി മുതൽ രാത്രി 12 മണി വരെ മുടങ്ങാതെ 35000 പേർക്ക് ഭക്ഷണം കൊടുത്തതിന്റെ ചെലവ് 12, 27,328 രൂപയാണ്. എന്നാൽ ഇത് മുടക്കിച്ച് സർക്കാർ മറ്റ്സഹായങ്ങൾ സ്വീകരിച്ച് നടത്തിയ ഭക്ഷണവിതരണത്തിന് ആകെ
18 കോടി രൂപ ചിലവായെന്നാണ് കാണിച്ചത്. സൈന്യത്തിനും രക്ഷാപ്രവർത്തകർക്കും ഭക്ഷണം നൽകിയതിന് 10 കോടിയും ക്യാമ്പിൽ ഭക്ഷണം നൽകിയതിന് 8 കോടിയും ചിലവായത്രേ പല ആവശ്യങ്ങൾക്കും യഥാർത്ഥത്തിൽ ചിലവായതിന്റെ എത്രയോ ഇരട്ടിയാണ് സർക്കാർ റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്. ദുരിതബാധിതരെ വെച്ച് സർക്കാർ നടത്തുന്ന ഇത്തരം കാര്യങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. യഥാർത്ഥത്തിൽ ദുരന്തമുഖത്ത് ചിലവായ തുകയുടെ കണക്ക് സർക്കാർ പുറത്തുവിടണം. ദുരന്തമുഖത്ത് കള്ളക്കണക്കുകളുണ്ടാക്കി സർക്കാർ മറ്റൊരു ദുരന്തമാവരുതെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *