പാലിയേറ്റീവ് കെയര്‍ ദിനാചരണം; വിദ്യാര്‍ഥികൾ കൂട്ട നടത്തം സംഘടിപ്പിച്ചു

കല്‍പറ്റ: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റേയും (എസ്.എ.പി.സി) നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ വയനാട് വരെ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന വാക്കത്തോണ്‍ കല്‍പറ്റയില്‍ സമാപിച്ചു. വിവിധ ജില്ലകളിലെ കൂട്ടനടത്തങ്ങള്‍ക്കുശേഷമായിരുന്നു കല്‍പറ്റയിലെ സമാപനം. ഒപ്പം വയനാടിനായുള്ള ആല്‍ഫ പാലിയേറ്റീവ് കെയര്‍ കേന്ദ്രം കല്‍പറ്റയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

കല്‍പറ്റ ജനമൈത്രി ജംക്ഷനില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ കല്‍പറ്റ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി. ബിജുരാജ് വാക്കത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. ആല്‍ഫ കല്‍പറ്റ സെന്റര്‍ സെക്രട്ടറി വി. വിജേഷ് സ്വാഗതം പറഞ്ഞു. വിവിധ ജില്ലകളിലെ ആല്‍ഫ സെന്ററുകളുടെ പ്രതിനിധികളും കല്‍പറ്റ സെന്റര്‍ ഭാരവാഹികളും നേതൃത്വം നല്‍കി.

വാക്കത്തോണിനു ശേഷം നടന്ന സെമിനാര്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാകുകയെന്നതാണ് യുവതലമുറയുടെ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.
ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖ പ്രഭാഷണം നടത്തി. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ ദിനാചരണ സന്ദേശം നല്‍കി. എസ്.കെ.എം.ജെ. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കൃഷ്ണകുമാര്‍, എന്‍.എസ്.എസ്. സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫിസര്‍ സിന്ധു, ഡി പോള്‍ സ്‌കൂള്‍ അധ്യാപകന്‍ സജി തോമസ്, വിദ്യാര്‍ഥി പ്രതിനിധി എന്‍.എസ്.എസ്. സ്‌കൂള്‍ വിദ്യാര്‍ഥിനി തീര്‍ത്ഥ, കല്‍പറ്റ സെന്റര്‍ ഭാരവാഹികളായ അനൂപ്കുമാര്‍, വേലുസ്വാമി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *