കൽപ്പറ്റ : വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ വയനാട് ബൈസൈക്കിൾ ചലഞ്ച് രണ്ടാം എഡിഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ കൽപ്പറ്റ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നവംബർ അഞ്ചിന് രാവിലെ 7 മണിക്ക് ഓഷിൻ ഹോട്ടൽ പരിസരത്ത് ജില്ലാ പോലീസ് മേധാവി പഥംസിംഗ് ഫ്ലാഗ് ഓഫ് ചെയ്യും.മുട്ടിൽ, മീനങ്ങാടി, കൊളഗപ്പാറ, അമ്പലവയൽ, മേപ്പാടി വഴി സഞ്ചരിച്ച് കൽപ്പറ്റ ബൈപ്പാസിൽ കബാബ് ഷാക്ക് ഹോട്ടൽ പരിസരത്ത് ചലഞ്ച് സമാപിക്കും. പതിനൊന്ന് മണിക്ക് ഓഷിൻ ഹോട്ടലിൽ നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ടി സിദ്ധിഖ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ് കേയംതൊടി, സ്പോർട്ട് കൗൺസിൽ പ്രസിഡന്റ് എം മധു, ഡി ടി പി സി സെക്രട്ടറി അജേഷ് കെ ജി തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ കേരളീയം-2023 ൻറെ ഭാഗമായി വയനാട് ജില്ലയിൽ സുസ്ഥിര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേവുമായി വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും വയനാട് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായാണ് ഇത്തവണ വയനാട് ബൈസൈക്കിൾ ചലഞ്ച് സംഘടിപ്പിക്കുന്നത്. ഡോ. മുഹമ്മദ് സാജിദ്, ഷൈജൽ കുന്നത്തു, അബ്ദുൽ ഹാരിഫ്, സുധീഷ് സിപി, ശാദുലി പുനത്തിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
വയനാട് ബൈസൈക്കിൾ ചലഞ്ച് രണ്ടാം എഡിഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി
