ബത്തേരി : ലോക കാഴ്ച ദിനാചരണം ജില്ലാതല ഉദ്ഘാടനവും പോസ്റ്റർ പ്രദർശനവും നേത്ര പരിശോധന ക്യാമ്പും ബത്തേരി അസംപ്‌ഷൻ ഹൈസ്കൂളിൽ നഗരസഭാ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി മുഖ്യ പ്രഭാഷണവും എൻ പി സി ബി ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. പ്രിയ സേനൻ ദിനാചരണ സന്ദേശവും നൽകി. ഒക്ടോബർ 8 ന് കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.
ചെതലയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷൈനി മാത്യു, ജില്ലാ മാസ്മീഡിയ ഓഫീസർ ഹംസ ഇസ്മാലി, അസംപ്‌ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ്, ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ മനോജ് കുമാർ കെ,മുൻസിപ്പൽ കൗൺസിലർ പ്രജിത,സീനിയർ ഒപ്റ്റോമെട്രിസ്റ്റ് സലീം അയാത്ത്, നയനാമൃതം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ അനഘ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഈ വർഷത്തെ ലോക കാഴ്ച ദിനത്തിന്റെ സന്ദേശം ” കുട്ടികളെ, നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ ” എന്ന വിഷയത്തെ ആസ്പദമാക്കി വയനാട് മെഡിക്കൽ കോളേജിലെ ഒപ്റ്റോമെട്രിസ്റ്റ് വാണി ഷാജു ക്ലാസെടുത്തു. തുടർന്ന് മെഡിക്കൽ കോളേജ് ഒഫ്താൽമോളജിസ്റ്റ് ഡോ. ധന്യയുടെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി.
