റവന്യു ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ് 23,24,25 തീയതികളില്‍

കല്‍പ്പറ്റ: റവന്യു ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ് 23,24,25 തീയതികളില്‍ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തും. മേളയില്‍ 86 വ്യക്തിഗത ഇനങ്ങളിലും 10 റിലേകളിലുമായി 600 ഓളം കായികതാരങ്ങള്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനറും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ വി.എ. ശശീന്ദ്രവ്യാസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എം. നാസര്‍, ജോയിന്റ് കണ്‍വീനര്‍ കെ. ഷാജി, എം.പി. കൃഷ്ണകുമാര്‍, പി. ഉമേഷ് കോട്ടത്തറ, സലിം കടവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍നിന്നുള്ള 22 താരങ്ങളും ജില്ലാ ഒളിമ്പിക്‌സില്‍ പങ്കെടുക്കും. മേള വിളംബരം ചെയ്ത് നാളെ നഗരത്തില്‍ ജാഥ നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് എസ്‌കെഎജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന ജാഥയില്‍ എന്‍സിസി, എസ്പിസി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജൂണിയര്‍ റെഡ് ക്രോസ് അംഗങ്ങളായ വിദ്യാര്‍ഥികളടക്കം പങ്കെടുക്കും. 23ന് ഉച്ചയ്ക്കാണ് മത്സരങ്ങള്‍ക്കു തുടക്കം. 24ന് രാവിലെ 11ന് ഒളിമ്പ്യന്‍ ഒ.പി. ജയ്ഷ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നു ജില്ലാ സ്റ്റേഡിയത്തിലേക്ക് ദീപശിഖ പ്രയാണം ഉണ്ടാകും. സമാപന സമ്മേളനം ഉദ്ഘാടനം 25ന് വൈകുന്നേരം നാലിന് എഡിഎം ഇന്‍ ചാര്‍ജ് വി.എം. കുര്യന്‍ നിര്‍വഹിക്കും. നവംബര്‍ നാല് മുതല്‍ 11 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനെ മത്സരങ്ങളില്‍നിന്നു തെരഞ്ഞെടുക്കും. സംസ്ഥാന മത്സരത്തിനു യോഗ്യത നേടിയ താരങ്ങള്‍ക്കായി നാല് ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് ജില്ലാ സ്റ്റേഡിയത്തില്‍ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *