മാനന്തവാടി : വയനാട് ലോക്‌സഭാ മണ്ഡലത്തിനു വേണ്ടത് വൺഡേ സുൽത്താനയെയോ വൺഡേ സുൽത്താനെയോ അല്ലെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന ജനപ്രതിനിധിയേയാണെന്നും സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ പറഞ്ഞു. എൽ ഡി എഫ് മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വസിച്ച് തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. വയനാട്ടിൽ നിന്നു ഒളിച്ചോടി ഉപതിരഞ്ഞെടുപ്പിനു സാഹചര്യം സൃഷ്ടിച്ച കോണ്‍ഗ്രസിന്റെ പ്രതിനിധിയെ തോല്പിക്കണം. വന്യമൃഗശല്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന ജനതക്ക് കോണ്‍ഗ്രസിനെ വിജയിപ്പിച്ചതു കൊണ്ട് എന്തു കിട്ടി എന്നു വോട്ടര്‍മാര്‍ ആലോചിക്കണം.
മുമ്പുണ്ടായ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്തെ രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണയുണ്ടാവണം.
ഹിന്ദുത്വത്തിന്റെ മുഖംമൂടിയണിഞ്ഞു കോർപ്പേറ്റുകൾക്കു വേണ്ടി നിലകൊള്ളുകയാണ് ആർ എസ് എസും ബി ജെ പിയും. കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമുണ്ടായ സ്ഥലമാണ് വയനാട്. എം പിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയും കേന്ദ്രവും അവിടെ എന്തു ചെയ്തെന്നു ആലോചിക്കണം.
മുഖ്യമന്ത്രിക്കൊപ്പം നാലു മന്ത്രിമാര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു നടത്തിയ സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധത ജനം കണ്ടതാണ്. കൊവിഡ് കാലത്തും അതേ രീതിയിലാണ് എൽ ഡി എഫ് സർക്കാർ പ്രവർത്തിച്ചത്. ആ റെക്കോർഡൊന്നും കോണ്‍ഗ്രസിനു പറയാനില്ലെന്നും പി ജയരാജൻ പറഞ്ഞു.
മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് സ്ഥാനാർഥി സത്യൻ മോകേരി, നേതാക്കളായ ഇ ജെ ബാബു, പി വി സഹദേവൻ, സി കെ ആശ എം എൽ എ, പി കെ അനിൽകുമാർ, സി പി മുരളി, പി എം ഷബീറലി, കെ ജെ ദേവസ്യ, സി എം. ശിവരാമൻ, കെ പി ശശികുമാർ, കുര്യാക്കോസ് മുള്ളൻമട, മൊയ്തു കുന്നുമ്മൽ, എ എൻ സലിംകുമാർ, കെ വീരഭദ്രൻ തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി എ എൻ പ്രഭാകരനെയും, കൺവീനറായി വി കെ ശശിധരനെയും തിരഞ്ഞെടുത്തു.
വയനാടിനു വേണ്ടത് വൺഡേ സുൽത്താനയെ അല്ല: പി ജയരാജൻ
