പനമരം: രണ്ടര വയസുകാരന്‍ കനാലിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു.
പനമരം പരക്കുനി മഞ്ചേരി ഷംനാജിന്റേയും ഷബാനയും ഇളയ മകനായ മുഹമ്മദ് ഹയാന്‍ ആണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്ത് കൂടെ ജലസേചനാര്‍ത്ഥമുള്ള കനാല്‍ പോകുന്നുണ്ട്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കാനാലില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.കാർഷിക ആവശ്യത്തിന് വെള്ളമെത്തിക്കുന്ന കനാൽ ആയതിനാൽ പമ്പിങ് കഴിഞ്ഞ ഉടനെയാണ് ഹയാൻ കനാലിലേക്ക് വീണതെന്ന് കരുതുന്നു. വീണയുടൻ ഒഴുക്കിൽ പെട്ട ഹയാനെ വീടിന് സമീപത്തു നിന്നും അൻപത് മീറ്ററോളം ദൂരെ നിന്നാണ് കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് പനമരം സിഎച്ച്സിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർഷങ്ങൾ പഴക്കമുള്ള കനാലിൽ ആദ്യമായാണ് ഇത്തരമൊരു അപകടം സംഭവിച്ചത് എന്ന് പ്രദേശവാസികൾ പറയുന്നു.
