കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട 10 കുടുംബങ്ങൾക്ക് അഹ്ലുസുന്നത്ത് വൽജമാഅ തമിഴ്‌നാട് ജമാഅത്തുൽ ഉലമ സഭ നിർമിച്ച് നൽകുന്ന 10 വീടുകളുടെയും കമ്മ്യൂണിറ്റി ഹാളിൻ്റെയും തറക്കല്ലിടൽ കർമ്മം നടത്തി. തൃക്കൈപ്പറ്റ നെല്ലിമാളത്ത് വിലകൊടുത്തുവാങ്ങിയ 1.30 ഏക്കർ സ്ഥലത്താണ് വീടുകളും കമ്മ്യൂണിറ്റി ഹാളും ഉയരുന്നത്. പരിപാടിയിൽ കമ്മ്യുണിറ്റി ഹാളിന്റെ തറക്കല്ലിടൽ കർമ്മം സമസ്‌ത പ്രസിഡന്റ് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. പ്രാർഥനക്കും അദ്ദേഹം നേതൃത്വം നൽകി. നമ്മളൊന്നാകെ സങ്കടത്തിൻ്റെ പടുകുഴിയിലേക്ക് വീണ് പോയപ്പോൾ കൈപിടിച്ച് സാന്ത്വനമേകാൻ വന്നവരാണ് തമിഴ്‌നാട് ജമാഅത്തുൽ ഉലമ സഭ അടക്കമുള്ള നല്ല മനസിൻ്റെ ഉടമകൾ. മനുഷ്യർ സാമൂഹിക ജീവികളായത് കൊണ്ടുതന്നെ ഒരാൾക്ക് ദുഃഖമുണ്ടാവുമ്പോൾ അതിനൊപ്പം ചേർന്ന് നിൽക്കാനും സാന്ത്വനമേകാനും ശ്രമിക്കും. അതിന് ജാതിയോ, മതമോ ഒന്നും ഒരിക്കലും തടസമാകാറില്ല. ചാരിറ്റി എന്നത് പ്രവാചകന്റെ കാലം മുതൽ തുടർന്നുപോരുന്ന നന്മയാണ്. അതിൻ്റെ കൈവഴിയാണ് ഇപ്പോൾ തമിഴ്‌നാട് ജമാഅത്തുൽ ഉലമ സഭ നടത്തുന്നതെ ന്നും തങ്ങൾ പറഞ്ഞു.
മലയാളികൾ നിങ്ങളോട് എന്നും കടപ്പെട്ടവരായിരിക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. വീടുകളുടെ തറക്കല്ലിടൽ കർമ്മം തമിഴ്നാട് ജമാഅത്തുൽ ഉലമ സഭ പ്രസിഡന്റ് മൗലവി ഹാഫിള് പി.എ ഖാജാമുഈനുദ്ദീൻ ബാഖവി നിവഹിച്ചു. ജമാഅത്തുൽ ഉലമ സഭ സെക്രട്ടറി മൗലവി ഹാഫിള് ഡോ. അൻവർ ബാദുഷ ഉലവി അധ്യക്ഷനായി. സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി, എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, മേപ്പാടി റെയ്ഞ്ച് പ്രസിഡൻ്റ് ശംസുദ്ദീൻ റഹ് മാനി, സെക്രട്ടറി ശഫീഖ് ഫൈസി, മുട്ടിൽ റെയ്ഞ്ച് പ്രസിഡന്റ് അബ്‌ദുൽ ഹമീദ് ഫൈസി, മേപ്പാടി മഹല്ല് സെക്രട്ടറി കെ അലി മാസ്റ്റർ, കെ.എം ഇൽയാസ് റിയാസി, സയ്യിദ് ഈസാ ഫൈസി, മുഹമ്മദ് റൂഹുൽ ഹഖ് റശാദി, നൂറുൽ അമീൻ മമ്പഈ, അബ്‌ദുൽ അസീസ് ബാഖവി, അബ്‌ദുല്ല ബാഖവി സംബന്ധിച്ചു. സമസ്ത കോർഡിനേഷൻ കമ്മിറ്റി കൺവീനർ ഹാരിസ് ബാഖവി കമ്പളക്കാട് സ്വഗതവും ജമാഅത്തുൽ ഉലമ സഭ ട്രഷറർ എസ് മുജീബ് റഹ്‌മാൻ മസ്ലഹി നന്ദിയും പറയും.
