വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന നിലപാട് ക്രൂരവും നിന്ദ്യവും: കെ.സി.വേണുഗോപാൽ എംപി

കൽപ്പറ്റ : ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി

ദുരന്തബാധിതരുടെ കണ്ണീർ കാണാത്ത നിലപാട് വേദനാജനകമാണ്. പ്രകൃതി ദുരന്തത്തിന്റെ ഇരകളെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്.എന്നാൽ
ദുരന്തമുഖത്തും കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇക്കാര്യം മറച്ചുപിടിച്ചത് ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും നെറികെട്ട രാഷ്ട്രീയത്തിന്റെ നേർചിത്രമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

എസ്ഡിആർഎഫ് വിഹിതത്തെ വയനാട് പാക്കേജിൽ തട്ടിക്കിഴിക്കുന്ന കേന്ദ്രസർക്കാർ സമീപനം നിന്ദ്യവും ക്രൂരവുമാണ്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം. അതിനായി സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ നടത്തുകയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന നിലപാടിനെതിരെ കേരളത്തിന്റെ പൊതുവികാരം പ്രതിഷേധമായി കേന്ദ്രസർക്കാരിനെ അറിയിക്കുകയും വേണം. കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും പൂർണ്ണ പിന്തുണ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനുണ്ടാകും. സംസ്ഥാന സർക്കാർ അതിന് തയ്യാറാകുന്നില്ലെങ്കിൽ കോൺഗ്രസ് അതിശക്തമായ പ്രക്ഷോഭം രാജ്യതലസ്ഥാനത്തേക്ക് അഴിച്ചുവിടുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

വയനാട് ദുരന്തമുഖത്ത് വന്ന് ഫോട്ടോഷൂട്ട് നടത്തിയ പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും വയനാട് ജനതയുടെ യഥാർത്ഥ ദുരിതം തിരിച്ചറിയാനുള്ള മനസുണ്ടായില്ല. കേരളം ഒറ്റക്കല്ലെന്നും പുനരധിവാസത്തിന് പണത്തിന് യാതൊരു തടസ്സമുണ്ടാകില്ലെന്നും ദുരന്തമുഖം സന്ദർശിച്ച ശേഷം പറഞ്ഞ പ്രധാനമന്ത്രിയാണ് ഇപ്പോൾ കൈമലർത്തുന്നത്. ദുരന്തം കഴിഞ്ഞിട്ട് നൂറുദിവസം പിന്നിട്ടിട്ടും പ്രത്യേക സാമ്പത്തിക സഹായം കേന്ദ്രസർക്കാരിൽ നിന്ന് നേടിയെടുക്കാൻ സംസ്ഥാന സർക്കാരും പരാജയപ്പെട്ടു.

450 ലധികം പേരുടെ ജീവനും അതിലേറെ കുടുംബങ്ങളുടെ ജീവിതവും തകർത്ത സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട് ഉരുൾപൊട്ടൽ. പുനരധിവാസം വൈകുന്നത് കാരണം ദുരന്തബാധിതരുടെ ദുരിതം ഇരട്ടിയായി. ദിവസം മുന്നൂറ് രൂപ വെച്ചുള്ള സഹായം സർക്കാർ പ്രഖ്യാപിച്ചെങ്കിലും അതും മുടങ്ങി. വായ്പകൾ എഴുതി തള്ളുമെന്ന് ബാങ്കുകളുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. കോൺഗ്രസും മറ്റു സന്നദ്ധ സംഘടനകളും വ്യക്തികളും ഉൾപ്പെടെ വയനാടിലെ ജനങ്ങളെ സഹായിക്കാൻ മുന്നോട്ടുവരുകയും വീടുകൾ നിർമിച്ചു നൽകാം എന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ അതിനാവശ്യ ഭൂമി കണ്ടെത്തി നൽകുന്നതിൽ സംസ്ഥാന സർക്കാരും അലംഭാവം തുടരുകയാണെന്നും കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *