ഉരുള്‍ ദുരന്ത പുനരധിവാസം; സംസ്ഥാനതല സര്‍വകക്ഷി യോഗം വിളിക്കണം: ടി. സിദ്ദിഖ് എംഎല്‍എ

കല്‍പ്പറ്റ: വയനാട് ഉരുള്‍ ദുരന്ത ബാധിതരുടെ സമയബന്ധിതമായ പുനരധിവാസം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംസ്ഥാനതല സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ. പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തം നടന്ന് മൂന്നു മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിന് ഉപയോഗപ്പെടുത്തേ ണ്ട സ്ഥലം ഏറ്റെടുക്കാനായില്ല.ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് നെടുമ്പാലയില്‍ 65.41 ഹെക്ടര്‍ ഹാരിസണ്‍സ് ഭൂമിയും കല്‍പ്പറ്റ ക്കടുത്ത് 78.73 ഹെക്ടര്‍ എല്‍സ്റ്റന്‍ എസ്റ്റേറ്റ് ഭൂമിയും ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കാന്‍ നടത്തിയ നീക്കം നിയമക്കുരുക്കിലാണ്. സ്ഥലം 2013ലെ എഎആര്‍ആര്‍ നിയമപ്രകാരം വില നല്‍കി ഏറ്റെടുക്കണമെന്നാണ് തോട്ടം ഉടമകളുടെ വാദം. ഈ സ്ഥലങ്ങളിലടക്കം എസ്റ്റേറ്റ് ഭൂമികളില്‍ അവകാശം ഉന്നയിച്ച് സര്‍ക്കാരിനുവേണ്ടി ബത്തേരി സബ് കോടതിയില്‍ ജില്ലാ കളക്ടര്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയുമാണ്. ഇത് പുനരധിവാസത്തിനുള്ള സ്ഥലമെടുപ്പ് അനിശ്ചിതത്വത്തിലാക്കി.

ലെയ്‌സണ്‍ വര്‍ക്കിന്റെ അഭാവമാണ് ഇതിനു കാരണമായത്. നിയമപ്രശ്‌നം ഇല്ലാത്തതും ലഭ്യമായതുമായ വേറേ ഭൂമികള്‍ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍തലത്തില്‍ നീക്കമില്ല. ദുരന്തബാധിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തവരുടെ യോഗം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വിളിക്കുന്നില്ല. സ്‌പോണ്‍സര്‍മാരില്‍ ചിലര്‍ പിന്‍വാങ്ങുന്ന സൂചനകളാണുള്ളത്. കലണ്ടര്‍ തയാറാക്കി പുനരധിവാസ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കുപുറമേ ഭാഗികമായി നശിച്ചവരെയും വിദഗ്ധ സമിതി വാസയോഗ്യമല്ലെന്നു കണ്ടെത്തിയ പ്രദേശങ്ങളില്‍ ഉള്ളവരെയും ഒരേ ഘട്ടത്തില്‍ പുനരധിവസിപ്പിക്കണം. ദുരന്തബാധിതരോടുള്ള സമീപനം കേന്ദ്ര സര്‍ക്കാര്‍ തിരുത്തണം. ഉരുള്‍ ദുരന്തത്തിന്റെ രൂക്ഷത പ്രധാനമന്ത്രി നേരില്‍ക്കണ്ട് ബോധ്യപ്പെട്ടതാണ്. അര്‍ഹമായ സഹായം സംസ്ഥാനത്തിന് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *