കൽപ്പറ്റ: നാടിന് അന്നം ഒരുക്കാൻ മണ്ണിൽ പണിയെടുക്കുന്ന കർഷകരോട് മനസ്സലിവില്ലാത്ത സർക്കാറുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിൽ ഇരിക്കുന്നതെ ന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം കുറ്റപ്പെടുത്തി. കർഷകർ ഇത്രയധികം ദുരിതം അനുഭവിച്ച ഒരു കാലവും ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ധനകാര്യസ്ഥാപനങ്ങൾ വീടും കൃഷിസ്ഥലവും എല്ലാം ജപ്തി ചെയ്യാനുള്ള ശ്രമങ്ങളുമായി മുൻപോട്ടു പോകുമ്പോൾ കർഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ യാതൊരുവിധ നടപടിയും സർക്കാറുകൾ സ്വീകരിക്കുന്നില്ല, ധനകാര്യ സ്ഥാപനങ്ങൾക്ക് ഏതു വിധേനയും തങ്ങളുടെ കടം തിരിച്ചുപിടിക്കുന്നതിനുള്ള അനുമതി നൽകി, അവർ കർഷകരെ മരണത്തിലേക്ക് തള്ളിവിടുന്നത് കണ്ടു ആഹ്ലാദിക്കുകയാണ് സർക്കാറുകൾ ചെയ്യുന്നത്. കൃഷിഭൂമിയിൽ നിന്ന് കർഷകരെ അകറ്റി ആ ഭൂമി മുഴുവൻ വൻകിട കമ്പനികളുടെ കൈകളിൽ എത്തിക്കുന്നതിനുള്ള തന്ത്രങ്ങളാണ് അവർ നടപ്പാക്കുന്നത്. വനത്തിൽ നടപ്പിലാക്കേണ്ട വന നിയമം ജനവാസ കേന്ദ്രങ്ങളിൽ നടപ്പാക്കാനുള്ള വനം വകുപ്പിന്റെ നീക്കം കർഷകരോടുള്ള വെല്ലുവിളിയാണ്. യഥാർത്ഥത്തിൽ വനത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ ബഫർ സോണായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ ഗൂഢനീക്കത്തിൻ്റെ ഭാഗമാണ് ഈ നിയമനിർമ്മാണം. ദൂഉടമകൾക്ക് സ്വന്തം കൃഷിയിടത്തിലെ വിറക് ശേഖരിക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് ഈ നിയമഭേദഗതി മൂലം സംജാതമാവുക. സർക്കാരുകളുടെ ഇത്തരം കർഷവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകും. ധനകാര്യ സ്ഥാപനങ്ങളെ നിലയ്ക്കുനിർത്താൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ അവരെ തെരുവിൽ നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി . കർഷകരെ സഹായിക്കുന്നതിനായി ഡി സി സി ഓഫീസിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഡിസിസി പ്രസിഡണ്ട് എംഡി അപ്പച്ചൻ അധ്യക്ഷനായിരുന്നു പി കെ ജയലക്ഷ്മി ,കെ ഇ വിനയൻ ,സംഷാദ് മരക്കാർ , വി എ മജീദ്, എം.ജി ബിജു, എൻ യു ഉലഹന്നാൻ, എം വേണുഗോപാൽ, ബിനു തോമസ് ,നിസി അഹമ്മദ് ,കമ്മന മോഹനൻ , സിൽവി തോമസ്, മോയിൻകടവൻ, പി വി ജോർജ്,ഓ ആർ രഘു , ബീന ജോസ്, പി കെ കുഞ്ഞു മൊയ്തീൻ, സജി പി ഡി , മാണി ഫ്രാൻസിസ് , ഇ എ ശങ്കരൻ എന്നിവർ സംസാരിച്ചു.
