വെള്ളമുണ്ട: ആറുവാൾ–ചെറുകര എ.എൽ.പി സ്കൂൾ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കാൻ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ ആറുവാൾ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ടാർ ചെയ്ത റോഡിന്റെ പല ഭാഗങ്ങളും തകർന്നിരിക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളും ടാറിങ് ചെയ്ത ഭാഗമുൾപ്പെടെ ഇടിഞ്ഞ് വയലിലേക്ക് താഴ്ന്നത് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിർമിച്ച് അപകടാവസ്ഥ ഒഴിവാക്കണം.
കൂടാതെ, മെയിൻ റോഡുമായി ചേരുന്ന ഭാഗത്തെ കുത്തനെയുള്ള കയറ്റം വാഹനയാത്രയ്ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കയറ്റത്തിൽ ഓഫാകുന്നത് പതിവാണ്. കയറ്റത്തിന്റെ തീവ്രത കുറച്ച് റോഡിന്റെ നിരപ്പ് ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനും നടപടി സ്വീകരിക്കണം.
സ്കൂൾ കുട്ടികളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി കുടുംബങ്ങൾ നിത്യേന ആശ്രയിക്കുന്ന റോഡിന്റെ ദുരവസ്ഥ അധികാരികളുടെ അവഗണനയുടെ തെളിവാണ്. അപകടങ്ങൾ സംഭവിക്കുന്നതിന് കാത്തുനിൽക്കാതെ റോഡ് പൂർണമായി നവീകരിക്കുകയും സംരക്ഷണഭിത്തി നിർമിച്ച് ശാശ്വത പരിഹാരം ഉറപ്പാക്കുകയും വേണം.
ഇതുസംബന്ധിച്ച് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ബ്രാഞ്ച് പ്രസിഡന്റ് ബഷീർ എൻ നിവേദനം നൽകി. ബ്രാഞ്ച് സെക്രട്ടറി അൻഷിഫ് പി,ജോയിൻ സെക്രട്ടറി നിസാർ വട്ടോളി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
