കൽപ്പറ്റ: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് വയനാട്ടിലെ ഉൾപ്പെടെയുള്ള ക്ഷീരകർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 300 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
കാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചോളം, സോയാബീൻ, ഗോതമ്പ് തവിട് തുടങ്ങിയ
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് പെട്ടെന്നുള്ള വിലവർദ്ധനയ്ക്ക് കാരണം. മുൻപ് 1,350 രൂപയായിരുന്ന 50 കിലോ കാലിത്തീറ്റച്ചാക്കിന് നിലവിൽ വിപണിയിൽ 1,650 രൂപയാണ് വില. ചില്ലറ വിൽപ്പനയിൽ കിലോയ്ക്ക് 3 രൂപ മുതൽ 10 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്. ഇ-20 പെട്രോളിനായുള്ള എഥനോൾ ഉൽപ്പാദനത്തിനായി ചോളവും സോയാബീനും വൻതോതിൽ ഉപയോഗിക്കുന്നത് മൂലം കാലിത്തീറ്റ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം.
15 ലിറ്റർ കറവയുള്ള ഒരു പശുവിന് പ്രതിദിനം ഏകദേശം 6 കിലോ കാലിത്തീറ്റ നൽകണം. കിലോഗ്രാമിന് 30 രൂപ മുതൽ വില തുടങ്ങുന്നതിനാൽ കാലിത്തീറ്റയ്ക്ക് മാത്രമായി ഒരു ദിവസം 180 രൂപയോളം മാറ്റിവെക്കേണ്ടി വരുന്നു. നിലവിൽ ഒരു ലിറ്റർ പാലിന് 50 മുതൽ 52
രൂപ വരെയാണ് കർഷകന് ലഭിക്കുന്നത്. 15 ലിറ്റർ പാൽ വിറ്റാൽ പ്രതിദിനം 750-780 രൂപ ലഭിക്കുമെങ്കിലും കാലിത്തീറ്റയ്ക്കും മറ്റ് പരിപാലന ചെലവുകൾക്കും ശേഷം കർഷകർക്ക് കാര്യമായ ലാഭമൊന്നും ലഭിക്കുന്നില്ലെന്നാണ് പരാതി. അസംസ്കൃത വസ്തുക്കളുടെ ക്ഷാമം തുടരുന്നതിനാൽ വരും ദിവസങ്ങളിൽ കോഴിത്തീറ്റയുടെ വിലയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
