‘കൂടെ’ പദ്ധതി റിപ്പോർട്ട് എം.എൽ.എ ഐ.സി ബാലകൃഷ്ണൻ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു

    കൽപ്പറ്റ: സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർണമായും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘കൂടെ’ പദ്ധതിയുടെ സമഗ്ര റിപ്പോർട്ട് എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് സമർപ്പിച്ചു. റിപ്പോർട്ടിലുള്ള നിർദേശങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ഹയർ സെക്കൻഡറി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ കുറയ്ക്കുന്നതിനും സർക്കാർ ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു. വയനാട് ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം മുതൽ പഠനം പൂർത്തിയാക്കുന്നതുവരെ നേരിടുന്ന വെല്ലുവിളികൾ, വിദ്യാഭ്യാസ മേഖലയിലെ നിലവിലെ സാഹചര്യം, പഠനം മുടങ്ങാൻ ഇടയാക്കുന്ന സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾ, ഹോസ്റ്റൽ സൗകര്യങ്ങളുടെ അപര്യാപ്തത, യാത്രാ ബുദ്ധിമുട്ടുകൾ, അക്കാദമിക പിന്തുണയുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ റിപ്പോർട്ടിൽ വിശകലനം ചെയ്തിട്ടുണ്ട്. പ്രശ്നങ്ങൾക്ക് പ്രായോഗികവും ദീർഘകാലാടിസ്ഥാനത്തിലുമുള്ള പരിഹാര നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    L

    Leave a Reply

    Your email address will not be published. Required fields are marked *