കെ.സി.വേണുഗോപാലിന്റെയും ടി. സിദ്ദിഖിന്റെയും ഇടപെടൽ ബന്ദിപ്പൂരിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസം

  • കെ.സി.വേണുഗോപാലിന്റെയും ടി. സിദ്ദിഖിന്റെയും ഇടപെടൽ;

ബന്ദിപ്പൂരിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസം

രാത്രികാല ഗതാഗത നിയന്ത്രണത്തെത്തുടർന്ന് മണിക്കൂറുകളോളം ദുരിതത്തിലായ നൂറിലേറെ യാത്രക്കാർക്ക് കേരളത്തിലേക്ക് മടങ്ങാൻ അനുമതി

തിരുവനന്തപുരം: രാത്രികാല ഗതാഗത നിയന്ത്രണത്തെത്തുടർന്ന് കർണാടകയിലെ ബന്ദിപ്പൂർ വനത്തിലെ മദ്ദൂർ ചെക്ക്പോസ്റ്റിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന നൂറിലേറെ യാത്രക്കാർക്ക് ആശ്വാസമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെയും ഇടപെടൽ. മൈസൂരു ദസറ ആഘോഷങ്ങൾക്കുശേഷം കേരളത്തിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളും വിദ്യാർഥികളും മുതിർന്ന പൗരന്മാരുമടക്കമുള്ള യാത്രക്കാരാണ് മൂന്ന് കെഎസ്ആർടിസി ബസുകളിലും ഒരു സ്വകാര്യ ബസിലുമായി ചെക്ക്പോസ്റ്റിൽ കുടുങ്ങിയത്. ദസറ കഴിഞ്ഞ ദിവസമായതിനാൽ തന്നെ ശനിയാഴ്ച വൈകിട്ട് കർണാടകയിലെ നഗരങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതോടെ കേരളത്തിലേക്കുള്ള മൂന്ന് കെഎസ്ആർടിസി ബസുകളും ഒരു സ്വകാര്യബസ്സും മറ്റ് സ്വകാര്യ വാഹനങ്ങളും ബന്ദിപ്പൂർ വനമേഖലയിലെ ചെക്പോസ്റ്റിൽ എത്താൻ രാത്രിയായി.

രാത്രികാല ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി മദ്ദൂർ ചെക്ക്പോസ്റ്റിൽ ഈ വാഹനങ്ങൾ മണിക്കൂറുകളോളം തടഞ്ഞതോടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെയും കാടിനുള്ളിലായതിനാൽ ആഹാരവും വെള്ളവും കിട്ടാതെയും സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. ഈ വിവരം യാത്രക്കാർ നേരിട്ട് കൽപ്പറ്റ എംഎൽഎ കൂടിയായ മന്ത്രി ടി. സിദ്ദിഖിന്റെ ഓഫീസിനെ അറിയിച്ചതിനെത്തുടർന്ന് പ്രശ്നപരിഹാരത്തിനായി അടിയന്തര ഇടപെടലുണ്ടായി.

യാത്രക്കാരുടെ ദുരിതവും വിഷയത്തിന്റെ അടിയന്തര പ്രാധാന്യവും മനസ്സിലാക്കി ആദ്യം കർണാടക സർക്കാരിന്റെ സഹായം തേടിയ മന്ത്രി ടി. സിദ്ദിഖ് രാത്രി 12.30 ഓടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെയും ഇടപെടൽ തേടി.തുടർന്ന് കെ.സി. വേണുഗോപാൽ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ഫോണിൽ സംസാരിച്ചു. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറു കണക്കിന് ആൾക്കാരുടെ ദുരിതം ഉൾക്കൊണ്ട് മാനുഷിക പരിഗണനയോടെയുള നടപടി കർണാടക സർക്കാരിൻ്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്ന് കെസി വേണുഗോപാൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

തുടർന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് കെ സി വേണുഗോപാലിന്റെ ഓഫീസുമായും മന്ത്രി ടി സിദ്ദിഖുമായും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു. നെറ്റ്‌വർക്ക് തകരാർ മൂലം ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. അതിനെത്തുടർന്ന് അർദ്ധരാത്രി ഒരു മണിയോടുകൂടി കർണാടക പോലീസ് ആസ്ഥാനത്ത് നിന്ന്

ചാമരാജനഗർ ജില്ലാ പൊലീസ് മേധാവിയുമായി വയർലസ് വഴി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദേശം നൽകുകയും ചെയ്തു. ഇതേത്തുടർന്ന് പ്രത്യേക സാഹചര്യം പരിഗണിച്ച് രാത്രി 1.30-ഓടെ ബസുകൾക്ക് കേരളത്തിലേക്കുള്ള യാത്ര തുടരാൻ അനുമതി ലഭിച്ചു.

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനും ദുരിതത്തിനും ഒടുവിൽ യാത്ര പുനരാരംഭിക്കാനായത് സ്ത്രീകളും കുട്ടികളും വിദ്യാർഥികളും മുതിർന്ന പൗരന്മാരുമടക്കമുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമായി.

 

പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തരമായി ഇടപെടേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. യാത്രക്കാരുടെ ദുരിതം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നപരിഹാരത്തിന് മുൻകൈയെടുത്ത കെ.സി.വേണുഗോപാലിന്റെയും മന്ത്രി ടി. സിദ്ദിഖിന്റെയും ഇടപെടൽ വലിയ ആശ്വാസം പകരുന്നതാണെന്ന് യാത്രക്കാരും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *