കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: പ്രിയങ്കാ ഗാന്ധി എം.പി.

    കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രിയങ്കാ ഗാന്ധി എം.പി നിര്‍ദേശം നല്‍കി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയില്‍ (ദിശ) യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.

    താമരശ്ശേരി ചുരം വീതി കൂട്ടല്‍, രാത്രി യാത്രാ നിരോധനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഉന്നതികളിലെ അടിസ്ഥാന സൗകര്യവികസനം, ഗോത്ര വിഭാഗങ്ങളുടെ സാമൂഹിക- വിദ്യാഭ്യാസ- സാമ്പത്തിക ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. മെഡിക്കല്‍ കോളേജിന്റെ സ്ഥലമേറ്റെടുക്കല്‍, കല്‍പറ്റ ജനറല്‍ ആശുപത്രിയോടനുബന്ധിച്ച് ക്രിറ്റിക്കല്‍ കെയര്‍ ബ്ലോക്കിനായുള്ള സ്ഥലമേറ്റെടുപ്പ് എന്നിവ അടിയന്തിരമായി പൂര്‍ത്തിയാക്കാനും എം.പി. നിര്‍ദേശം നല്‍കി. പി.എം ജി.എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട വെങ്ങപ്പള്ളി – കൊടുങ്കയം, കല്ലുമുക്ക് – പുത്തന്‍കുന്ന് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം. കുറിച്ച്യാട് – ചെട്ട്യാലത്തൂര്‍ ഉന്നതികളിലെ കുടുംബങ്ങളുടെ പുനരധിവാസം, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, പി.എം.എ വൈ, എം.പി. ലാഡ്‌സ്, പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ വിശദമായി അവലോകനം ചെയ്തു. പ്രിയങ്കാ ഗാന്ധി എം.പി യുടെ ഫണ്ടില്‍ നിന്ന് നിര്‍ദ്ദേശിച്ച 7.34 കോടിയുടെ 62 പദ്ധതികളില്‍ 5.36 കോടിയുടെ 38 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു.

    യോഗത്തില്‍ എം.എല്‍. എ മാരായ ഐ.സി. ബാലകൃഷ്ണന്‍, ടി സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്റ്റര്‍ ഡി ആര്‍ മേഘ ശ്രീ, എ.ഡി.എം കെ.എസ് അനില്‍കുമാര്‍, പ്രൊജക്റ്റ് ഓഫീസര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

    Leave a Reply

    Your email address will not be published. Required fields are marked *