കോഴിക്കോട്-വയനാട് അതിവേഗ റെയിൽപാത നിർദ്ദേശം സ്വാഗതാർഹം: വ്യാപാരി വ്യവസായി ഏകോപന സമിതി

കൽപ്പറ്റ: ചുരം റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവും വയനാടിന്റെ വികസനത്തിന് പുതിയ കുതിപ്പും നൽകുന്ന കോഴിക്കോട് – വയനാട് അതിവേഗ റെയിൽപാത പദ്ധതി സ്വാഗതാർഹമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി.

വയനാടിന്റെ ജീവനാഡിയായ താമരശ്ശേരി ചുരം റോഡിൽ ദിനംപ്രതി മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മഴക്കാലത്തും മണ്ണിടിച്ചിലുണ്ടാകുമ്പോഴും ജില്ല പൂർണ്ണമായും ഒറ്റപ്പെടുന്ന അവസ്ഥയാണ്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും, കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും, വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും യാത്രയ്ക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ റെയിൽപാത വന്നാൽ വയനാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ദുരിതത്തിന് പരിഹാരമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി.

റെയിൽപാത യാഥാർത്ഥ്യമായാൽ വയനാടിന്റെ ടൂറിസം മേഖലയിൽ വൻ കുതിപ്പുണ്ടാകും. ബാണാസുര സാഗർ, പൂക്കോട് തടാകം, എടക്കൽ ഗുഹ, കുറുവ ദ്വീപ്, മുത്തങ്ങ വന്യജീവി സങ്കേതം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്താൻ കഴിയും. ഇത് ഹോട്ടൽ, വ്യാപാരം, ഗതാഗതം, കാർഷിക വിപണനം തുടങ്ങിയ മേഖലകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

 

അതിനാൽ രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനപ്രതിനിധികളും ഒറ്റക്കെട്ടായി ഈ പദ്ധതിക്ക് വേണ്ടി സമ്മർദ്ദം ചെലുത്തണമെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതിക്ക് അടിയന്തര പരിഗണന നൽകി സർവേ നടപടികൾ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, മത്തായി ആതിര, സി.വി. വർഗീസ്, സി. രവീന്ദ്രൻ, കമ്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്, എം. മുജീബ്, വി.ഡി. ജോസ്, ഇ. ഹൈദ്രൂ, കെ.കെ. അമ്മദ് ഹാജി, പി.കെ. അബ്ദുറഹ്മാൻ, അബ്ദുൾ നാസർ, ഷിബി എൻ.പി., താരിഖ് കടവൻ, അബ്ദുൾ ഖാദർ, ടി.പി. ഓമനക്കുട്ടൻ, രഞ്ജിത്ത് പി., അഷ്റഫ് കൊട്ടാരം, സി. റഷീദ്, സുബൈർ അത്തിലൻ, നെജീബ് പൂങ്ങാടൻ, സലീം മേമന, അസ്ലം ബാവ, അനിൽകുമാർ, നിസാർ ദിൽവേ, ജോയി പനമരം, റഫീഖ് മേപ്പാടി, ജോണി പെരിക്കല്ലൂർ, ഹരീന്ദ്രൻ ചീരാൽ, ജോയി പേര്യ, മുനീർ നെടുങ്കരണ, ഷൈജൽ കുന്നത്ത്, സിജിത്ത് ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *