ക്രിക്കറ്റിലെ വയനാടിന്റെ പെൺകരുത്തിനെ അഭിനന്ദിച്ച് മന്ത്രി ടി.സിദ്ദിഖ്

കൽപ്പറ്റ: വനിതാ ക്രിക്കറ്റിൽ വയനാടിന്റെ അഭിമാനമായി കൂടുതൽ താരങ്ങൾ ഉയർന്നുവരുന്നതിൽ സന്തോഷം പങ്കുവെച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ്. ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ നേരത്തേ തന്നെ ശ്രദ്ധേയരായ മിന്നുമണി, സജന സജീവൻ, വി.ജെ. ജോഷിത എന്നിവർക്കൊപ്പം കൂടുതൽ വയനാടൻ താരങ്ങൾ ദേശീയതലത്തിൽ മികവ് തെളിയിക്കുന്നത് ജില്ലയുടെ കായികമേഖലയ്ക്ക് വലിയ നേട്ടവും പ്രചോദനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ബി.സി.സി.ഐയുടെ സീനിയർ വുമൺ ടി20 ടൂർണമെന്റിൽ കേരളത്തിനായി സജന സജീവൻ, വി.ജെ. ജോഷിത എന്നിവർക്കൊപ്പം മാനന്തവാടി സ്വദേശികളായ ദർശന മോഹൻ, വി.എസ്. മൃദുല, നിത്യ ലൂർദ്, സുൽത്താൻ ബത്തേരി സ്വദേശി നിയ നസ്നീൻ എന്നിവരും കളത്തിലിറങ്ങുന്നത് വയനാടിന് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ടീമിൽ നേരത്തേ മികവ് തെളിയിച്ച മിന്നുമണി ഇതേ ടൂർണമെന്റിൽ ഇന്ത്യൻ റെയിൽവേസ് ടീമിന്റെ ക്യാപ്റ്റനായി ചുമതല വഹിക്കുന്നതും ജില്ലയ്ക്ക് ഇരട്ടി അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ താരങ്ങളുടെ വളർച്ചയിൽ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയും അവിടുത്തെ സ്റ്റേഡിയവും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മികച്ച പരിശീലനവും അടിസ്ഥാനസൗകര്യങ്ങളും അവസരങ്ങളും ലഭിച്ചാൽ ഗ്രാമീണ മേഖലകളിൽ നിന്നുപോലും രാജ്യാന്തര നിലവാരത്തിലുള്ള കായികതാരങ്ങളെ വളർത്തിയെടുക്കാനാകുമെന്നതിന്റെ ഉദാഹരണമാണ് വയനാട്.

വയനാട്ടിൽനിന്നുള്ള എട്ട് വനിതാ ക്രിക്കറ്റ് താരങ്ങളും സമീപഭാവിയിൽ ഇന്ത്യൻ ടീമിനായി ഒരുമിച്ച് ജഴ്‌സിയണിയുന്ന സാഹചര്യം ഉണ്ടാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു. ഇവരുടെ നേട്ടങ്ങൾ കൂടുതൽ പെൺകുട്ടികൾക്ക് കായികരംഗത്തേക്ക് കടന്നുവരാൻ പ്രചോദനമാകട്ടെയെന്നും ആശംസിച്ചു.

ജില്ലയിൽനിന്ന് കൂടുതൽ കായികപ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും പരിശീലനസൗകര്യങ്ങളും ഒരുക്കുന്നതിനും ഇടപെടലുകൾ ശക്തമാക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായും കായികവകുപ്പ് മന്ത്രി ഒ.ജെ. ജനീഷുമായും ചർച്ച നടത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. വയനാടിന്റെ ഓരോ ഗ്രാമത്തിലും കൂടുതൽ കായികപ്രതിഭകൾ ഉയർന്നുവരണമെന്നും വനിതാ താരങ്ങൾ രാജ്യത്തിന്റെ അഭിമാനമായി മാറണമെന്നും ആശംസിച്ച മന്ത്രി, എല്ലാ താരങ്ങൾക്കും അഭിനന്ദനങ്ങളും നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *