ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആറ്, ഏഴ് തിയതികളിൽ മാനന്തവാടിയിൽ; മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും

മാനന്തവാടി: 45-ാമത് റവന്യൂ ജില്ലാ ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-വിവരസാങ്കേതിക മേള നവംബർ ആറ്, ഏഴ് തിയതികളിൽ മാനന്തവാടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. നവംബർ ആറിന് രാവിലെ ഒമ്പതിന് പതാക ഉയർത്തും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.  എം.എൽ.എ ഉഷാ വിജയൻ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യാതിഥിയാകും. രണ്ട് ദിവസങ്ങളിലായി വിവിധ വിഭാഗങ്ങളിൽ മത്സരങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കും.

ഗണിത ശാസ്ത്രമേള വിഭാഗത്തിൽ നവംബർ ആറിന് രാവിലെ 9.30 മുതൽ 12.30 വരെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ തത്സമയ നിർമാണ മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് ഒന്നിന് അവതരണവും മൂല്യനിർണയവും മൂന്നിന് പ്രദർശനവും നടക്കും. രാവിലെ 9.30 മുതൽ 12.30 വരെ സെമിനാർ പേപ്പർ അവതരണവും ഹൈസ്കൂൾ വിഭാഗത്തിൽ ഭാസ്കരാചാര്യ സെമിനാറും ഹയർ സെക്കൻഡറി വിഭാഗത്തിൽ രാമാനുജൻ പേപ്പർ പ്രസന്റേഷനും ഉണ്ടായിരിക്കും.

 

നവംബർ ഏഴിന് രാവിലെ 9.30ന് ശാസ്ത്രമേളയും പത്തിന് ശാസ്ത്രനാടകവും നടക്കും. സാമൂഹ്യശാസ്ത്രമേള വിഭാഗത്തിൽ നവംബർ ആറിന് രാവിലെ 9.30ന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പ്രാദേശിക ചരിത്രരചനയും ചരിത്ര സെമിനാറും നടക്കും. സാമുഹ്യ ശാസ്ത്രമേളയിൽ നവംബർ ഏഴിന് രാവിലെ 9.30ന് സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, പ്രസംഗം, അറ്റ്ലസ് നിർമ്മാണം, വൈവ-പ്രാദേശിക ചരിത്രരചന, ചരിത്ര സെമിനാർ അവതരണം തുടങ്ങിയ മത്സരങ്ങൾ നടക്കും. പ്രവൃത്തിപരിചയമേളയിൽ നവംബർ ആറിന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ തത്സമയ മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ 2.30 വരെ അവസാനഘട്ട മൂല്യനിർണയവും പൊതുജനങ്ങൾക്ക് പ്രദർശനങ്ങൾ കാണാനുള്ള അവസരവും ഉണ്ടായിരിക്കും. വിവരസാങ്കേതിക മേള വിഭാഗത്തിൽ നവംബർ ആറിന് രാവിലെ 10 മുതൽ 11 വരെ മലയാളം ടൈപ്പിങ്ങും ആനിമേഷനും 11.30 മുതൽ 12.30 വരെ ഡിജിറ്റൽ പെയിന്റിങ്ങും ടീച്ചിങ് എയ്ഡും നടക്കും. ഏഴിന് രാവിലെ 10 മുതൽ 11 വരെ സ്ക്രാച്ച് പ്രോഗ്രാമിങ്, പ്രസന്റേഷൻ എന്നിവയും 11.30 മുതൽ 12.30 വരെ വെബ് പേജ് ഡിസൈനിങ്ങും നടക്കും.

 

നവംബർ ആറിന് രാവിലെ 10.30ന് ‘ ബിയോണ്ട് മാർക്‌സ്  ആൻഡ് മെഡൽസ് – ദ ആർട്ട്  ആൻഡ് സയൻസ് ഓഫ് റേസിംഗ് ഹാപ്പി റെസിലിയന്റ് ചിൽഡ്രൻ ‘ എന്ന വിഷയത്തിൽ മാനസികാരോഗ്യ അധ്യാപകനും കൗൺസലിങ് സൈക്കോളജിസ്റ്റുമായ കൈലാസ് ബാലകൃഷ്ണൻ സെമിനാർ നയിക്കും. രാവിലെ 11ന് ഗ്ലാസ് ചരിത്രവും ഡെമോൺസ്ട്രേഷനും, ഉച്ചയ്ക്ക് ഒന്നിന് മഹേഷ് ഫെയറി മോജോ അവതരിപ്പിക്കുന്ന മെന്റലിസം ഷോയും വൈകിട്ട് ഏഴിന് വാനനിരീക്ഷണ പരിപാടിയായ ‘ ദ കോസ്മിക് വിൻഡോയും നടക്കും. റിട്ട.പ്രിൻസിപ്പൽ എം.എം. ടോമിയും, ജ്യോതിശാസ്ത്രജ്ഞൻ കെ.ടി. സിൽവർസണും വാനനിരീക്ഷണ പരിപാടിക്ക് നേതൃത്വം നൽകും. നവംബർ ഏഴിന് രാവിലെ പത്തിന് പത്മശ്രീ ചെറുവയൽ രാമനെ അനുസ്മരിച്ച് ‘ഓർമ്മയിലെ നെല്ലറ’ പരിപാടി സംഘടിപ്പിക്കും. മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തും. ഫാർമിങ് സയന്റിസ്റ്റ് സയ്യിദ് ഗനി ഖാൻ മുഖ്യാതിഥിയാകും. നെൽവിത്തുകളുടെ പ്രദർശനവും വിത്തുത്സവത്തിന്റെ ഭാഗമായി നടക്കും. രാവിലെ 11.30ന് ‘മാറുന്ന വയനാട്, പങ്കിടുന്ന ഭാവി’ എന്ന വിഷയത്തിൽ റിസർച്ച് സ്കോളർ മുനീർ തഴെപ്പള്ളി ദൃശ്യാവതരണം നടത്തും. ഗോത്രവർഗ ഫോട്ടോഗ്രാഫർ വിനോദ് ചിത്രയുടെ ഗോത്രവർഗ ഫോട്ടോ പ്രദർശനമായ ‘ഗോത്രായനം’, കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമായി ‘ഒരുമയുടെ രുചിമേളം’, എൻ.എസ്.എസ് ഒരുക്കുന്ന ‘മധുരം ഒരു കൈത്താങ്ങ്’ മൊഹബ്ബത്ത് ബസാർ എന്നിവയും മേളയുടെ ഭാഗമായി ഉണ്ടാകും. നവംബർ ഏഴിന് നടക്കുന്ന സമാപന സമ്മേളനം  എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.  എം.എൽ.എ ഉഷാ വിജയൻ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യാതിഥിയാകും.

Leave a Reply

Your email address will not be published. Required fields are marked *