അമ്പലവയൽ: മയക്കുമരുന്നിനും മദ്യത്തിനുമെതിരെ വിദ്യാർത്ഥി സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ അമ്പലവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (VHSE) നാഷണൽ സർവ്വീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ ‘തൂഫാൻ 2026’ മാജിക് ഷോയും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.സ്കൂൾ വി.എച്ച്.എസ്.ഇ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്തു.
‘മയങ്ങില്ല കേരളം’, ‘ഓപ്പറേഷൻ തണ്ടർ’ എന്നീ വിപുലമായ ക്യാമ്പയിനുകളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ മാജിക്കിന്റെ വിസ്മയക്കാഴ്ചകളിലൂടെ വിദ്യാർത്ഥികളിലേക്ക് നന്മയുടെയും ജാഗ്രതയുടെയും ശക്തമായ ലഹരിവിരുദ്ധ സന്ദേശം പകർന്നുനൽകി.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഷമീർ മാളിക അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.വി.നാസർ സ്വാഗതം ആശംസിച്ചു. എബനേസർ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി എൻ.എ.ബില്ലി ഗ്രഹാം മജീഷ്യൻ ശശി താഴത്തുവയൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.കെ.പ്രവീൺ കുമാർ ആശസകളർപ്പിച്ചു സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.പി.അനൂപ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ലഹരിക്കെതിരെയുള്ള പ്രതിരോധം തീർക്കാൻ ഒത്തുചേർന്ന വിദ്യാർത്ഥികൾക്ക് കൗതുകവും ചിന്തയും പകരുന്ന അനുഭവമായി ‘തൂഫാൻ 2026’ മാറി.
