കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ കനത്ത മിന്നൽപ്രളയത്തിലും മണ്ണടിച്ചിലിലും മരണസംഖ്യ 469 കടന്നു. കാണാതായ 1,468-ഓളം പേർക്കായി തെരച്ചിൽ തുടരുകയാണ്. കാണാതായവരിൽ ഭൂരിഭാഗവും വിദേശ വിനോദസഞ്ചാരികളും ടിബറ്റിലെ കൈലാസ മാനസസരോവർ തീർത്ഥാടനത്തിന് പോയ ഭക്തരുമാണ്.
ഏറ്റവും കൂടുതൽ ആളുകളെ കാണാതായത് ഇന്ത്യയിൽ നിന്നാണ്; 290 ഇന്ത്യാക്കാരെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കി. റസൂവഗധി അതിർത്തി കടമ്പയും താഴ്വരകളും പ്രളയത്തിൽ പൂർണ്ണമായും തകർന്നു. പ്രളയത്തെ തുടർന്ന് ചൈന-നേപ്പാൾ അതിർത്തിയിൽ രൂപപ്പെട്ട തടാകം നിറഞ്ഞു കവിയുന്നത് താഴത്തെ പ്രദേശങ്ങളിൽ കൂടുതൽ പ്രളയഭീഷണി ഉയർത്തുന്നുണ്ട്. തുടർന്ന് ചൈന പ്രദേശത്ത് ‘ലെവൽ-4’ അലേർട്ട് പ്രഖ്യാപിച്ചു. തടാകം ഏതുനിമിഷവും പൊട്ടാമെന്ന് വിദേശ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ദുരന്തമുഖത്ത് തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി മറ്റ് രാജ്യങ്ങൾ വാഗ്ദാനം ചെയ്ത വിദഗ്ധ സംഘങ്ങളുടെ സഹായം നേപ്പാൾ സർക്കാർ നിരസിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രി ബലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള സർക്കാർ, സ്വന്തം സുരക്ഷാ ഏജൻസികൾക്ക് തെരച്ചിൽ നടത്താൻ പ്രാപ്തിയുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. പകരം, പുനരധിവാസത്തിനും പുനർനിർമ്മാണത്തിനുമായി ധനസഹായവും ഫണ്ടും ഏകജാലക സംവിധാനത്തിലൂടെ നൽകാനാണ് നേപ്പാൾ ആവശ്യപ്പെടുന്നത്.
