കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. വെള്ളമുണ്ട, കട്ടയാട്, തോലൻ വീട്ടിൽ അജ്നാസ് @അജി (26)യെയാണ് ഐ.പി.സി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം 47 വർഷത്തെ തടവിനും 250000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ.ആർ സുനിൽ കുമാർ ശിക്ഷിച്ചത്.
2021 നവംബറിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കമ്പളക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന എം.എ സന്തോഷ് ആണ് കേസിൽ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ അജിത്ത് എന്നിവർ അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.ബബിത ഹാജരായി.
