മയക്കുമരുന്ന് മാഫിയയെ തൂത്തെറിയുംവരെ ഓപ്പറേഷൻ തൂഫാന്റെ പോരാട്ടം തുടരും: മന്ത്രി രമേശ് ചെന്നിത്തല

മയക്കുമരുന്ന് മാഫിയയെ തൂത്തെറിയുംവരെ ഓപ്പറേഷൻ തൂഫാന്റെ പോരാട്ടം തുടരും: മന്ത്രി രമേശ് ചെന്നിത്തല

– ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചു

മാനന്തവാടി: ഓപ്പറേഷൻ തൂഫാനിലൂടെ കേരളത്തിലെ പുതിയ തലമുറയെ രക്ഷിക്കാനുള്ള ദൗത്യമാണ് പോലീസ് ഏറ്റെടുത്തിരിക്കുന്നതെന്ന് ആഭ്യന്തരം, വിജിലൻസ്, കയർ മന്ത്രി രമേശ് ചെന്നിത്തല. മാനന്തവാടി പോലീസ് സ്റ്റേഷൻ, മാനന്തവാടി അഗ്നിരക്ഷാനിലയം എന്നിവയുടെ കെട്ടിടത്തിനു തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പോലീസ് മാത്രം വിചാരിച്ചാൽ ലഹരിക്കെതിരെയുള്ള പോരാട്ടം പൂർണമാവില്ല. അതിന് ജനങ്ങളുടെയും പൂർണ പിന്തുണ വേണം. കഴിഞ്ഞ ജൂൺ രണ്ടിനു ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ച ശേഷം ലഹരിക്കേസുമായി ബന്ധപ്പെട്ട് 15742 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 13500 ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും അറുപത് ആൾക്കാരുടെ പേരിൽ കാപ്പാ കേസ് ചുമത്തുകയും 45 ലധികം പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്നാണ് പിടികൂടി നശിപ്പിച്ചത്. ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പോരാട്ടത്തിനു ഏറ്റവും വലിയ പിന്തുണ ലഭിക്കുന്നത് അമ്മമാരിൽ നിന്നാണ്. രാജ്യാന്തര മയക്കുമാഫിയ കരുതുന്നത് ഓപ്പറേഷൻ തൂഫാൻ വേഗത്തിൽ അവസാനിപ്പിക്കുമെന്നാണ്. എന്നാൽ, മയക്കുമരുന്ന് മാഫിയയെ തൂത്തെറിയുന്നതുവരെ ഓപ്പറേഷൻ തൂഫാന്റെ പോരാട്ടം തുടരും. കേരള ചരിത്രത്തിലെ ഏറ്റവും വലിയ നർക്കോ ഹണ്ടാണ് ഓപ്പറേഷൻ തൂഫാൻ. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം സംസ്ഥാനത്ത് 35 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞതായാണ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക്. ലഹരിക്കെതിരേയുള്ള സംസ്ഥാന സർക്കാരിന്റെ പോരാട്ടം കേന്ദ്ര ആഭ്യന്തരമന്ത്രി അഭിനന്ദനത്തിനുൾപ്പെടെ അർഹമായി. വിജിലൻസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയ്ക്കെന്ന പോലെ ലഹരിവേട്ടയ്ക്കായി കേരള പോലീസിൽ പ്രത്യേക വിഭാഗം കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തൂഫാൻ വാരിയേഴ്സിനുള്ള ബാഡ്ജ് വിതരണവും നടത്തി.

 

വർധിച്ചു വരുന്ന റോഡപടകങ്ങൾ തടയാൻ ശക്തമായ സംവിധാനവുമായാണ് പോലീസ് മുന്നോട്ടുപോകുന്നത്. മദ്യപിച്ചു വാഹനമോടിക്കുന്നഅവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. നാലു ദിവസം കോമ്പിങ് നടത്തിയപ്പോൾ മദ്യപിച്ചു വാഹനമോടിച്ച 15000 പേരെ സംസ്ഥാനത്ത് പിടികൂടി. സ്കൂൾ ബസ് ഡ്രൈവർമാർ മദ്യപിച്ചു വാഹനമോടിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 57 ഡ്രൈവർമാരെയാണ് മദ്യപിച്ചു വാഹനമോടിച്ചതിനു അറസ്റ്റു ചെയ്തത്. സ്വകാര്യ ബസ്സുകളുടെ അമിതവേഗം തടയാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്രമസമാധാനനില പരിപാലിക്കുന്നതിലും കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന കാര്യത്തിലും കേരള പോലീസ് സമർഥമായാണ് പ്രവർത്തിക്കുന്നത്. ജനങ്ങളിൽ ആഹ്രഹിക്കുന്ന രീതിയിൽ നാടിന്റെ സമാധാന ജീവിതം ഉറപ്പു വരുത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. 24 മണിക്കൂറും ജനസേവനത്തിനായി പ്രവർത്തിക്കുന്ന പോലീസിനു ഒട്ടേറെ പ്രയാസങ്ങളുണ്ട്. പോലീസ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചാൽ അതിക്രമമെന്നും പ്രവർത്തിച്ചില്ലെങ്കിൽ നിഷ്ക്രിയമെന്നുമാണ് പറയുക. ഇതിനിടയിലൂടെയുള്ള നൂൽപ്പാലത്തിലാണ് പോലീസിന് പ്രവർത്തിക്കേണ്ടത്. പരാതികൾ ഉണ്ടാകാതെ കേരളത്തിന്റെ കാവലാളായി പ്രവർത്തിക്കാൻ കഴിയുന്ന കേരള പോലീസിലെ കോൺസ്റ്റബിൾ മുതൽ ഡി.ജി.പി.വരെയുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ഉഷാ വിജയൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കാർഷിക വികസന വകുപ്പ് മന്ത്രി ടി. സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, വടക്കൻ മേഖലാ ഐ.ജി. പുട്ട വിമലാദിത്യ, കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. കെ. കാർത്തിക്, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ, കോഴിക്കോട് റീജണൽ ഫയർ ഓഫീസർ പി. രഞ്ജിത്ത്, മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി എ.എസ്.പി. ബി. കാർത്തിക്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ സുധാകരൻ, മാനന്തവാടി നഗരഭാ കൗൺസിലർ പി.കെ. ഹംസ, മാനന്തവാടി നഗരഭാ വികസനകാര്യ സ്ഥിരം സമിതിയധ്യക്ഷൻ പി.വി. ജോർജ് തുടങ്ങിയവർ സംസാരിച്ചു. മറ്റു രാഷ്ട്രീയ സാമൂഹിക രംഗത്തുളള്ളവർ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *