മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗികൾ മഴയും വെയിലും ഏൽക്കുന്ന സാഹചര്യം അവസാനിപ്പിക്കണം: യങ് ഡെമോക്രാറ്റ്സ്

    മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ നിന്ന് എക്‌സ്-റേ എടുക്കുന്നതിനായി രോഗികളെ കൊണ്ട്പോവുമ്പോഴും , വാർഡുകളിലേക്ക് മാറ്റുമ്പോഴും രോഗികൾ മഴയും വെയിലും ഏൽക്കേണ്ടിവരുന്ന സാഹചര്യം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

    ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും സ്ട്രെച്ചറിൽ മഴയിലൂടെ എക്സ്റേ എടുക്കാൻ കൊണ്ടുപോയ ദൃശ്യങ്ങൾ പുറത്തുവരുന്നത് മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുരുതരമായ അപര്യാപ്തതയാണ് വ്യക്തമാക്കുന്നത്.

    ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് സുരക്ഷിതമായി ഒരു വിഭാഗത്തിൽ നിന്ന് മറ്റൊരു വിഭാഗത്തിലേക്ക് എത്താനുള്ള സൗകര്യം പോലും ഒരുക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ്.

    കാഷ്വാലിറ്റി, എക്‌സ്-റേ വിഭാഗം, വാർഡുകൾ എന്നിവ തമ്മിലുള്ള യാത്രയിൽ രോഗികൾക്ക് മഴയും വെയിലും ഏൽക്കാത്ത തരത്തിൽ മേൽക്കുരയുള്ള സുരക്ഷിതമായ വാക്ക്‌വേ അടിയന്തരമായി നിർമ്മിക്കണം. നിലവിലെ പ്രശ്നത്തിന് താൽക്കാലിക പരിഹാരമല്ല, ശാശ്വത പരിഹാരമാണ് ആവശ്യം.

     

    വയനാട്ടിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ മെഡിക്കൽ കോളേജിൽ രോഗികളുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുന്ന സാഹചര്യം സർക്കാർ അവസാനിപ്പിക്കണം. അടിയന്തരമായി ഇടപെട്ട് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകണമെന്നും യങ് ഡെമോക്രാറ്റ്സ് ആവശ്യപ്പെട്ടു.

    Leave a Reply

    Your email address will not be published. Required fields are marked *