Headlines

മെസിയുടെ പേരിൽ തട്ടിപ്പ്: സംസ്ഥാനത്ത് വ്യാപക പരിശോധന; അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും ഓഫിസിലും റെയ്ഡ്

കൊച്ചി∙ മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ സംസ്ഥാനത്ത് വ്യാപക പരിശോധന. അഞ്ചിടങ്ങളിൽ പുലർച്ചെ എസ്ഐടി പരിശോധന നടത്തുകയാണ്. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫിസിലും ഇവരുടെ വയനാട്ടിലെ വീടുകളിലുമാണ് രാവിലെ പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുലർച്ചെ നാലു മണി മുതലാണ് പരിശോധന ആരംഭിച്ചതെന്നാണ് വിവരം.

 

എഡിജിപി പി.വിജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ പരിശോധിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമാണ് മിന്നൽ പരിശോധന. രേഖകൾ പരിശോധിച്ച് സാമ്പത്തിക ഇടപാടുകളും മറ്റ് കത്തിടപാടുകളും കണ്ടെത്തുകയാണ് ലക്ഷ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എസ്ഐടി ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെ കോടതിയിൽനിന്ന് അനുമതി സമ്പാദിച്ച ശേഷം പരിശോധനയിലേക്ക് കടക്കുകയായിരുന്നു.

 

മെസിയെ കേരളത്തിലെത്തിക്കുന്നതിന്റെ മറവിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിനായി അവരുടെ കലക്‌ഷൻ ഏജന്റുവഴി അയച്ച 126.04 കോടിക്ക് റിവേഴ്സ് ചാർജ് മെക്കാനിസം പ്രകാരം നൽകേണ്ട 22.69 കോടി ഐജിഎസ്ടി കമ്പനി അടച്ചില്ല. കൂടാതെ, വിവിധ വിദേശ നിയമ/മധ്യസ്ഥ ഫീസുകളിലേക്ക് അയച്ച 1.90 കോടിക്ക് 34.15 ലക്ഷം തുകയുടെ നികുതി വെട്ടിച്ചതായും കണ്ടെത്തിയിരുന്നു. മെസിയെ എത്തിക്കാനുള്ള പദ്ധതിയുടെ സ്പോൺസർഷിപ്പ് കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനും വേണ്ടി നടത്തിയ നീക്കണമാണെന്ന് കായിക വകുപ്പും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *