ബത്തേരി:സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി മലവയൽ മഞ്ഞാടി ശ്രേയസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. മലവയൽ മഞ്ഞാടിയിൽ നടന്ന പരിപാടി നെന്മേനി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ദീപ ബാബു ഉദ്ഘാടനം ചെയ്തു. ശ്രേയസ് യൂണിറ്റ് പ്രസിഡന്റ് മിനി ബേബി അധ്യക്ഷത വഹിച്ചു.
’മയങ്ങില്ല കേരളം: പ്രതിരോധിക്കാൻ കൈകോർക്കാം’ എന്ന വിഷയത്തിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും ബോധവൽക്കരണ ക്ലാസും നയിച്ചു. പുതുതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് കാത്തുസൂക്ഷിക്കാൻ കുടുംബങ്ങളും പൊതുസമൂഹവും ജാഗരൂകരാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിമുക്തി മിഷന്റെ ബോധവൽക്കരണ ബ്രോഷർ വാർഡ് മെമ്പർ ദീപ ബാബുവിന് കൈമാറി അദ്ദേഹം പ്രകാശന കർമ്മവും നിർവഹിച്ചു.ശ്രേയസ് മേഖല പ്രോഗ്രാം ഓഫീസർ പി.എഫ്.പോൾ ചടങ്ങിൽ പ്രഭാഷണം നടത്തി.സിവിൽ എക്സൈസ് ഓഫീസർ മനു കൃഷ്ണൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രദേശത്തെ മുതിർന്ന പൗരന്മാരായ ജോസ് മഞ്ഞാടി,തോമസ് മഞ്ഞാടി,കുഞ്ഞുമോൻ മഞ്ഞാടി,ഇന്ദിര രാജൻ, പി.ടി.ജാനകി എന്നിവരെ ചടങ്ങിൽ ആദരിച്ചു.സനിത സന്തോഷിന്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ വിനി ബാലൻ സ്വാഗതം ആശംസിച്ചു. പ്രദേശവാസികളും ശ്രേയസ് യൂണിറ്റ് അംഗങ്ങളും ഉൾപ്പെടെ നിരവധിപേർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. ചടങ്ങിന് സനിത സന്തോഷ് നന്ദി രേഖപ്പെടുത്തി.
