മീനങ്ങാടി: മോദി സർക്കാരിന്റെ തൊഴിലാളി ദ്രോഹ ലേബർ കോഡ് സംസ്ഥാനത്ത് നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. തൊഴിലാളികളെ യഥേഷ്ടം പിരിച്ചുവിടാനും മിനിമം കൂലിപോലും നിഷേധിക്കാനും തൊഴിലുടമകൾക്ക് അധികാരം നൽകുന്ന മനുഷ്യത്വവിരുദ്ധ നയം സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ല.
ലേബർ കോഡ് നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചതാണ്. വിവിധ സംസ്ഥാനങ്ങളിലെ തൊഴിൽമന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ട്രേഡ് യൂണിയൻ നേതാക്കളെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ലേബർ കോൺക്ലേവ് നടത്തിയിരുന്നു. കോൺക്ലേവിലെ തീരുമാനത്തിന്റെ ഭാഗമായി ജസ്റ്റിസ് ഗോപാൽ ഗൗഡ അധ്യക്ഷനായ കമ്മിഷനെ സർക്കാർ നിയോഗിച്ചു. കമ്മിഷൻ റിപ്പോർട്ട് യുഡിഎഫ് സർക്കാരിന്റെ മുന്നിലുണ്ട്. റിപ്പോർട്ട് പരിശോധിക്കാതെയും ട്രേഡ് യൂണിനുകളുമായി ചർച്ച ചെയ്യാതെയുമാണ് ലേബർ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം.
മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ തൊഴിലാളികളെ വഞ്ചിക്കുകയാണ്. പിഎം ശ്രീ, ലൈഫ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിൽ മോദി സർക്കാരിന്റെ നിർദേശം നടപ്പാക്കുന്നതിന്റെ തുടർച്ചയാണിത്. ജോലി സമയം, മിനിമം വേതനം, തൊഴിൽ സുരക്ഷ, യൂണിയനുകൾ രൂപീകരിക്കാനുള്ള അവകാശം എന്നിവ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും ലേബർ കോഡിന് പിന്തുണ നൽകുന്ന തീരുമാനത്തിൽനിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് തൊഴിലാളികളെ അണിനിരത്തുമെന്നും പ്രമേയത്തിൽ പറഞ്ഞു.
പരിസ്ഥിതിലോല വിജ്ഞാപനം: സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം
പരിസ്ഥിതിലോല വിജ്ഞാപനത്തിൽ സംസ്ഥാന സർക്കാർ ഒളിച്ചുകളി അവസാനിപ്പിച്ച് ജനവാസ മേഖലകളെ വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജില്ലയിലെ 13 വില്ലേജുകൾ പരിസ്ഥിതിലോല പ്രദേശമാക്കിയുള്ള കരട് വിജ്ഞാപനം തിരുത്തണം. കരട് വിജ്ഞാപനത്തിന്റെ അവസാനഘട്ടംവരെ വൈകിച്ചശേഷം സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശങ്ങൾ പൂഴ്ത്തിവച്ചിരിക്കയാണ്. എന്താണ് സംസ്ഥാനത്തിന്റെ നിലപാട് എന്നുപോലും അറിയാൻ സാധിച്ചിട്ടില്ല. ഏതൊക്കെ മേഖലകളാണ് ഒഴിവാക്കാൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. മാപ്പും പ്രസിദ്ധീകരിച്ചിട്ടില്ല. സർക്കാരിന്റെ നടപടികളിൽ അടിമുടി ദുരൂഹതയാണ്. വനേതരമേഖലകൾ ഉൾപ്പെടെ ഇപ്പോൾ നൽകിയ നിർദേശത്തിലുണ്ടെന്നാണ് വിവരം. ജനജീവിതം തകർക്കുന്ന പ്രശ്നത്തിൽ സംസ്ഥാന സർക്കാർ ഒളിച്ചുകളിക്കരുതെന്നും ജനവാസമേഖലകളെ വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
