പുറമണ്ണൂർ (വളാഞ്ചേരി): വയനാട് ദുരന്തബാധിതർക്ക് ആശ്വാസമേകാൻ മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രഖ്യാപിച്ച ‘വയനാടിനൊപ്പം മജ്‌ലിസ്’ പദ്ധതിയുടെ ഭാഗമായി നിർമിച്ച രണ്ടാമത്തെ ‘സ്നേഹവീടിന്റെ’ താക്കോൽ ദാനം സെപ്റ്റംബർ 3 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് വയനാട്ടിലെ പടിഞ്ഞാറത്തറ മുണ്ടകുറ്റിയിൽ വെച്ച് നടക്കും.
മജ്‌ലിസ് കോളേജിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, കോട്ടക്കൽ എം.എൽ.എ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് സ്നേഹവീടിന്റെ താക്കോൽ ഗുണഭോക്താവിന് കൈമാറും.
വയനാട് ജില്ലയിലെ മുണ്ടകുറ്റിയിൽ താമസിക്കുന്ന കല്ലാച്ചി സൂപ്പി, ഭാര്യ കട്ട്യാണ ആയിഷ എന്നിവർ നൽകിയ സ്ഥലത്താണ് പുളിക്കൽ നൗജീബ്, മുബഷിറ ദമ്പതികൾക്ക് വേണ്ടി വീട് നിർമ്മാണം പൂർത്തീകരിച്ചത്.
എൻ.എസ്.എസ് (NSS) വോളന്റിയർമാർ, കോളേജിലെ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്‌മെന്റ് ഭാരവാഹികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സംയുക്ത കൂട്ടായ്മയിലാണ് ഈ കാരുണ്യ പദ്ധതിയിലൂടെ വീട് നിർമാണം വിജയകരമായി പൂർത്തിയാക്കിയത്. 1100 ചതുരശ്ര അടിയിൽ ഇരുപത് ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മാണം നടത്തിയത്. കോളേജ് നിർമ്മിച്ച മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു തുക കണ്ടെത്തിയത്.
വയനാട് പടിഞ്ഞാറത്തറ മുണ്ടകുറ്റിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മാനേജ്‌മെന്റ് ഭാരവാഹികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, മജ്‌ലിസ് സ്ഥാപന മേധാവികൾ, എൻ.എസ്.എസ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
മജ്‌ലിസ് സെക്രട്ടറി സി.പി. ഹംസ, കോളേജ് ഗവേണിങ് ബോഡി ചെയർമാൻ സലീം കുരുവമ്പലം, കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് കുട്ടി, ഡയറക്ടർ നൗഷാദ് എൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
