വലിയപാറ മേല്‍മുറിയിലെ 30 കുടുംബങ്ങള്‍ കടക്കെണിയില്‍.

കല്‍പ്പറ്റ : 2018ലും 19ലും മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ നാശം വിതച്ച പൊഴുതന വലിയപാറ മേല്‍മുറിയിലെ 30 കുടുംബങ്ങള്‍ കടക്കെണിയില്‍. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ് കാര്‍ഷികാവശ്യത്തിനടക്കം ബാങ്കുകളില്‍നിന്നെടുത്ത കടം പലിശസഹിതം പലമടങ്ങായത് കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ്. മെച്ചപ്പെട്ട വരുമാനത്തിന്റെ അഭാവത്തില്‍ ഒരു കുടുംബത്തിനും വായ്പ കുടിശിക തീര്‍ക്കാന്‍ കഴിയുന്നില്ല. ഉരുള്‍പൊട്ടലുകള്‍ കെടുതികള്‍ക്കിടയാക്കിയ പ്രദേശം റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതുമൂലം ക്രയവിക്രയാവകാശം നഷ്ടമായ കുടുംബങ്ങള്‍ക്കു മുമ്പില്‍ ഭൂമി വിറ്റ് കടം വീട്ടാനുള്ള വഴിയും അടഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മുഴുവന്‍ കുടുംബങ്ങളുടെയും കടം ഏറ്റെടുക്കുകയോ ഭൂമി റെഡ് സോണില്‍നിന്നു ഒഴിവാക്കി ക്രയവിക്രയാവകാശം പുനഃസ്ഥാപിക്കുകയോ ചെയ്യണമെന്ന് മേല്‍മുറി ജനകീയ സമിതി പ്രതിനിധികളായ വാര്‍ഡ് മെംബര്‍ ജുമൈലത്ത് ഷമീര്‍, പി. ഹംസ, ടി. മൊയ്തു, പി.പി. നബീസ, സി.എസ്. യൂസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പൊഴുതന പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് മേല്‍മുറി. രണ്ടുവര്‍ഷം തുടര്‍ച്ചയായി ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ പ്രദേശത്തെ നിരവധി വീടുകളും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും നശിച്ചു. നൂറോളം കുടുംബങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. വിദഗ്ധ പരിശോധനയ്ക്കുശേഷം റെഡ് സോണില്‍ ഉള്‍പ്പെടുത്തി പ്രദേശത്തെ കുടുങ്ങള്‍ക്ക് സ്ഥലം വാങ്ങുന്നതിന് ആറും വീട് വയ്ക്കുന്നതിന് നാലും ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച വീടും ഏക്കര്‍ കണക്കിന് സ്ഥലവും ഉള്ളവരില്‍ ചിലര്‍ ഒഴികെയുള്ളവര്‍ ഈ തുക കൈപ്പറ്റി മേല്‍മുറിയില്‍നിന്നു താമസം മാറ്റി. ഇവര്‍ ഉരുള്‍ജലം ബാക്കിവച്ച ഭൂമിയില്‍ വല്ലപ്പോഴുമൊക്കെ പണികള്‍ക്കും വിളവെടുപ്പിനുമാണ് വല്ലപ്പോഴും എത്തുന്നത്. റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ വന്യജീവികളുടെ ശല്യംമൂലം കൃഷി നേരേചൊവ്വേ നടത്താന്‍ കഴിയാത്ത സ്ഥിതിയും നിലനില്‍ക്കുകയാണ്.

 

ആവര്‍ത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ടിവരില്ലെന്ന പ്രതീക്ഷയിലായിരുന്നു മേല്‍മുറിയിലെ കുടുംബങ്ങള്‍. അത് അസ്ഥാനത്തായി. വായ്പ പലിശയും പിഴപ്പലിശയും അടക്കം തിരിച്ചടയ്ക്കുന്നതിന് കുടുംബങ്ങള്‍ക്ക് ബാങ്കുകളില്‍നിന്നു നോട്ടീസ് എത്തി. ധനകാര്യ സ്ഥാപനങ്ങള്‍ കേസാക്കിയതിനെത്തുര്‍ന്ന് കോടതി മുഖേന നോട്ടീസ് ലഭിച്ചവരും പ്രദേശത്തുണ്ട്. ഋണമുക്തരാക്കുന്നതിന് ഇടപെടലിന് ജില്ലാ കളക്ടറുടേതടക്കം കാര്യാലയങ്ങളില്‍ ജനകീയ സമിതി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലം ചെയ്തില്ല. ഏറ്റവും ഒടുവില്‍ നിയോജകമണ്ഡലം എംഎല്‍എയുമായ കൃഷി മന്ത്രി ടി. സിദ്ദിഖിന് നിവേദനം നല്‍കി. വിഷയത്തില്‍ ഇടപെടാമെന്നാണ് മന്ത്രി ജനകീയ സമിതി പ്രതിനിധികളെ അറിയിച്ചത്. രണ്ടു ലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപയാണ് മേല്‍മുറിയിലെ കുടുംബങ്ങളുടെ കടം. ഈ തുക ഏറ്റെടുക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ ഭാരമാകില്ലെന്ന് ജനകീയ സമിതി പ്രതിനിധികള്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *