കൽപ്പറ്റ: ‘വോട്ട് ബജാവോ-ദേശ് ബജാവോ’ ക്യാമ്പയിനിലൂടെ രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം കോൺഗ്രസ് തുടരുമെന്ന് എ ഐ സി സി നിരീക്ഷകനും എം പിയുമായ ശ്രേയസ് എം പട്ടേൽ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ പോരാട്ടം കേവലം തെരഞ്ഞെടുപ്പുകളെയോ രാഷ്ട്രീയപാർട്ടികളെയോ സംബന്ധിച്ചുള്ളതല്ലെന്നും മറിച്ച് രാജ്യത്തെ ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടു ചെയ്യാൻ അർഹതയുള്ള ഓരോ വോട്ടർക്കും അതിനുള്ള അവസരം ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രവും നിഷ്പക്ഷവും ഉത്തരവാദിത്വബോധവുമുള്ളവരായിരിക്കണമെന്നും ശ്രേയസ് എം പട്ടേൽ കൂട്ടിച്ചേർത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെക്കുക, എസ് ഐ ആർ നടപടി അവസാനിപ്പിക്കുക, വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്ത അർഹരായവരെ വീണ്ടും ഉൾപ്പെടുത്തുക, പേര് சேர்க்கലും ഒഴിവാക്കലും സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ബഹുജന മഹാറാലിയിൽ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വോട്ട് ബജാവോ-ദേശ് ബജാവോ ക്യാമ്പയിന്റെ സന്ദേശം എല്ലാ ജില്ലകളിലുമെത്തിക്കാനുള്ള നടപടികളാണ് നടന്നുവരുന്നതെന്ന് എ ഐ സി സി സെക്രട്ടറി മൻസൂർ അലി ഖാൻ പറഞ്ഞു. എസ് ഐ ആറിലൂടെ രാജ്യത്തെ 30 കോടിയോളം ജനങ്ങളുടെ വോട്ടവകാശമാണ് ഇല്ലാതാക്കിയിരിക്കുന്നതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ക കർണാടകയിലെ മഹാദേവ്പുരയിൽ മാത്രം 1,02,050 വോട്ടുകൾ കൃത്രിമമായി ഉൾപ്പെടുത്തിയെന്നും ബംഗാൾ, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ വോട്ടർപട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി മുൻപ് തന്നെ ഈ വിഷയങ്ങൾ തെളിവ് സഹിതം പുറത്തുവിട്ടിരുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് സുതാര്യത ഇല്ലാതാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, കെ പി സി സി ജനറൽ സെക്രട്ടറി കെ എൽ പൗലോസ്, പി കെ ജയലക്ഷ്മി, പി പി ആലി, എച്ച് ബി പ്രദീപ് മാസ്റ്റർ, കെ കെ വിശ്വനാഥൻ മാസ്റ്റർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
