സ്വച്ഛതാ ഹി സേവ ശുചിത്വ ഭാരത യജ്ഞത്തിന് ജില്ലയിൽ തുടക്കമായി

കൽപറ്റ:ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ കർമ്മ പരിപാടികൾക്ക് തുടക്കമായി. ഒക്ടോബർ 17 വരെ നീണ്ടുനിൽക്കുന്ന തീവ്ര ശുചിത്വ യജ്ഞം ക്യാമ്പയിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. മാലിന്യമുക്ത- ഹരിതാഭമായ നവകേരള സൃഷ്ടിക്ക് ജനപങ്കാളിത്തത്തോടെയുള്ള ശുചിത്വ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്തത് പ്രസിഡന്റ് പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് വിമുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജലാശയങ്ങളുടെ പുനരുജ്ജീവനം എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകും. വിദ്യാർഥികൾ, യുവജന സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ച് വിപുലമായ ജനകീയ ക്യാമ്പയിനുകൾ ജില്ലയിൽ സംഘടിപ്പിക്കും.

 

ക്യാമ്പയിൻ മാർഗരേഖ, തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രധാന ചുമതലകൾ സംബന്ധിച്ച് ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ കെ അനൂപ് ബോധവൽക്കരണ ക്ലാസെടുത്തു. ഓരോ പഞ്ചായത്തിലും നഗരസഭയിലും നടപ്പാക്കേണ്ട പ്രത്യേക പദ്ധതികളെക്കുറിച്ചും ശുചീകരണ ഡ്രൈവുകളെക്കുറിച്ചും ചർച്ച ചെയ്തു. കലക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി. മജീദ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭാ അധ്യക്ഷൻമാർ, ഉപാധ്യക്ഷൻമാർ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, സെക്രട്ടറിമാർ, ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ കെ.എസ് സജീഷ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ വി.യു ജോബി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *