പുൽപ്പള്ളി:പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സ്കൂൾ പാർലമെൻറ് പ്രതിനിധികളെ മൊബൈൽ ആപ്പ് വഴി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ക്രമീകരിച്ചാണ് വോട്ടെടുപ്പ് നടന്നത്. മുഴുവൻ സ്ഥാനാർത്ഥികൾക്കും ചിഹ്നങ്ങൾ അനുവദിച്ചിരുന്നു. പ്രിസൈഡിങ് ഓഫീസർ ആയി ക്ലാസ് ടീച്ചറെയും പോളിംഗ് ഓഫീസർ ഒന്ന് ,രണ്ട് എന്നീ സ്ഥാനങ്ങളിൽ കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്തവരെയും ചുമതലപ്പെടുത്തിയാണ് ക്ലാസ് തല തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് ഉപകരണങ്ങളായ കൺട്രോൾ യൂണിറ്റ്, വിവി പാറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവ മൊബൈൽ ആപ്പിൽ ക്രമീകരിച്ചാണ് വോട്ടെടുപ്പ് പ്രക്രിയ നടന്നത്. 30 ബൂത്തുകളിലായി നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയ 12 മണിയോടെ അവസാനിച്ചു. തുടർന്ന് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടുകൾ എണ്ണി വിജയിയെ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം ക്ലാസ് പ്രതിനിധികളുടെ യോഗം ചേരുകയും സ്കൂൾ പാർലമെൻറ് ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ ലീഡറായി ആൻജോഷ് മാണിയെയും ഡെപ്യൂട്ടി ലീഡറായി റിയ ഫാത്തിമയെയും തെരഞ്ഞെടുത്തു. പ്രിൻസിപ്പാൾ പി കെ വിനുരാജൻ ,ഹെഡ്മിസ്ട്രസ് കൊച്ചുത്രേസ്യ എം പി എന്നിവരുടെ മേൽനോട്ടത്തിൽ ,റിട്ടേണിംഗ് ഓഫീസർമാരായ രാമചന്ദ്രൻ വി എസ്, രതീഷ് സി വി എന്നിവരുടെ നേതൃത്വത്തിൽ ആണ് തെരഞ്ഞെടുപ്പ് നടത്തിയത്. സ്കൂൾ പാർലമെൻറ് യോഗത്തിൽ സീനിയർ ടീച്ചർ ഷിനോ എ പി വിജയികളെ അനുമോദിച്ചു. ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കുവാൻ ഇന്നത്തെ പാർലമെൻറ് തെരഞ്ഞെടുപ്പ് കുട്ടികളെ സഹായിച്ചു. അധ്യാപകർ, അനധ്യാപകർ ,സ്കൂൾ പിന്തുണ സംവിധാനങ്ങൾ എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി.
