താമരശ്ശേരി ചുരം ഗതാഗതകുരിക്കിന് പരിഹാരം കാണാൻ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം: അഡ്വ: ടി സിദ്ധിഖ് എംഎൽഎ

കൽപ്പറ്റ : ചുരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എം മുഹമ്മദ് റിയാസിനും കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധിഖ് നിവേദനം കൈമാറി. പ്രസ്തുത വിഷയം ഉന്നയിച്ച് കൊണ്ട് രാഹുൽ ഗാന്ധി എംപിക്കും നിവേദനം കൈമാറിയിട്ടുണ്ട് . കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ മുമ്പിൽ പ്രസ്തുത വിഷയം ഉന്നയിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി. പിന്നോക്ക ജില്ലയായ വയനാടിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പാതയാണ് താമരശ്ശേരി ചുരം. ദിവസേന ശരാശരി 20,000 മുതൽ 30,000 വരെ വാഹനങ്ങളാണ് ചുരം റോഡിലൂടെ കടന്നു പോകുന്നത് എന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിന്റെ തെക്ക് ഭാഗത്തുനിന്നും വയനാട്ടിലേക്ക് എത്തിപ്പെടാനുള്ള ഏകമാർഗ്ഗം കൂടിയാണ് താമരശ്ശേരി ചുരം പാത. റോഡ് ഗതാഗത സൗകര്യങ്ങളുടെ ഈ അപര്യാപ്തത ഇവിടേക്കെത്തുന്ന സഞ്ചാരികളെയും മറ്റു യാത്രക്കാരെയും ഒരുപോലെ ദുരിതത്തിൽ ആക്കുന്ന അവസ്ഥയാണ്. റെയിൽവേ സ്റ്റേഷൻ, കരിപ്പൂർ എയർപോർട്ട്, കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് മറ്റു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുവാനും ഈ ചുരം പാതയാണ് വയനാട്ടുകാരുടെ ഏക ആശ്രയം. ചുരത്തിലെ ഗതാഗതക്കുരുക്ക് മൂലം മണിക്കൂറുകളോളമാണ് ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സ്വഭാവമുള്ള അവശ്യ സർവീസുകൾ കുരുക്കിൽ തളക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം വയനാട് ചുരത്തിൽ ചരക്കു ലോറികൾ തകരാറിലായതിനെ തുടർന്ന് ഇതുവഴിയുള്ള യാത്രക്കാർ ഏറെ ദുരിതമാണ് നേരിട്ടത്. വയനാട് ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന യാത്രാകുരുക്കിന് ശാശ്വത പരിഹാരമായി നേരത്തെ ആലോചിച്ച് മുന്നോട്ട് പോയ പദ്ധതിയായ ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ബൈപാസും, പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡും യാഥാർത്ഥ്യമാക്കേണ്ടതാണ്. ഈ രണ്ട് പദ്ധതികളും നടപ്പിലാക്കുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. അതി നായി ഈ രണ്ട് പദ്ധതികളും പ്രാവർത്തികമാക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *