കല്‍പറ്റ : പുല്‍പള്ളി കടമാന്‍തോട് ഡാം വിരുദ്ധ കര്‍മ സമിതി വയനാട് കളക്ടറേറ്റ് പടിക്കല്‍ ഉപവാസം നടത്തി. നൂറുകണക്കിനു കുടുംബങ്ങളെ ബാധിക്കുന്ന പദ്ധതി ഉപേക്ഷിക്കുക, ഭൂതല സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടുക, ഏരിയല്‍ സര്‍വേ നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാവിലെ 10 മുതല്‍ 12 വരെ ഉപവാസം. കര്‍മ സമിതി ചെയര്‍മാന്‍ ബേബി തയ്യില്‍ ഉദ്ഘാടനം ചെയ്തു. പുല്‍പള്ളി പഞ്ചായത്തിലെ ജനങ്ങളുടെ പൊതുവായ അഭിപ്രായം കണക്കിലെടുക്കാതെയാണ് പദ്ധതി പ്രവര്‍ത്തനങ്ങളുമായി ജല വിഭവ വകുപ്പ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സാമ്പത്തിക, സാമൂഹിക രംഗങ്ങളില്‍ പുല്‍പള്ളിയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കുന്നതാണ് പദ്ധതി. കടമാന്‍തോടിന്റെ ആനപ്പാറ ഭാഗത്ത് 28 മീറ്റര്‍ ഉയരവും 490 മീറ്റര്‍ നീളവുമുള്ള അണ നിര്‍മിക്കുന്നത് 675 ഹെക്ടര്‍ പ്രദേശം വെള്ളത്തിലാകുന്നതിനു കാരണമാകും. പുല്‍പള്ളി താഴെ അങ്ങാടിയും സമീപ സ്ഥലങ്ങളും മുങ്ങിപ്പോകും. മെയ് ആദ്യവാരം പുല്‍പള്ളിയില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചതനുസരിച്ചാണ് ഡാം വിരുദ്ധ കര്‍മ സമിതി പദ്ധതിയുടെ ഭൂതല സര്‍വേയുമായി സഹകരിച്ചത്. ഭൂതല സര്‍വേ റിപ്പോര്‍ട്ട് ഗ്രാമസഭകളിലടക്കം ചര്‍ച്ച ചെയ്തശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകൂവെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയിരുന്നു. ഭൂതല സര്‍വേ ഓഗസ്റ്റില്‍ പൂര്‍ത്തിയായെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല. ജനങ്ങളില്‍നിന്നു പലതും മറയ്ക്കാനുള്ളതുകൊണ്ടാണ് ഭൂതല സര്‍വേ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താതെ രണ്ടാംഘട്ട(ലിഡാര്‍) സര്‍വേ ആരംഭിച്ചത്. കടമാന്‍ തോടിന്റെ വിവിധ ഭാഗങ്ങളിലുള്ള തടയണകള്‍ ശാസ്ത്രീയമായി പുനര്‍നിര്‍മിച്ചും കാരാപ്പുഴ അണയിലെ വെള്ളം പൈപ്പുകളിലൂടെ എത്തിച്ചും പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കാര്‍ഷിക, ഗാര്‍ഹിക ആവശ്യത്തിനു വെള്ളമെത്തിക്കാന്‍ കഴിയും. എന്നിരിക്കെയാണ് കടമാന്‍തോട് പദ്ധതിക്കുവേണ്ടി ചിലര്‍ ശാഠ്യം പിടിക്കുന്നത്. ഇതിനു പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളാണെന്നു സമിതി ചെയര്‍മാന്‍ ആരോപിച്ചു.
ഏബ്രഹാം കളത്തൂര്‍ അധ്യക്ഷത വഹിച്ചു. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വര്‍ഗീസ് വട്ടേക്കാട്ടില്‍, വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍, കര്‍മ സമിതി ഭാരവാഹികളായ വത്സ പൊന്നാമ്പേല്‍, ജോസ് കാഞ്ഞൂക്കാരന്‍, ആതിര വൈദേഹി, ഗിരിജ മോഹന്‍, ഷീജ സോയി, ശ്രീജയ നന്ദനം എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ സിജോഷ് ഇല്ലിക്കല്‍ സ്വാഗതം പറഞ്ഞു.
പദ്ധതി ഉപേക്ഷിക്കുന്നതിനു ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് വയനാടിന്റെ ചുമതലയുള്ള വനം മന്ത്രി എ.കെ. ശശീന്ദ്രനു നിവേദനം നല്‍കിയതായി കര്‍മ സമിതി ഭാരവാഹികള്‍ അറിയിച്ചു.
