കൽപ്പറ്റ : ന്യൂട്രീഷൻ ആന്റ് ഡയറ്റ് റിലേറ്റഡ് പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ജില്ലാതല പോഷണ പ്രദർശന- ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പയ്യമ്പള്ളി സെന്റ് കാതറീൻസ് ഹൈസ്കൂളിൽ ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ എം മുസ്തഫ, ടെക്നിക്കൽ അസിസ്റ്റൻറ് കെ എം ഷാജി, പിടിഎ പ്രസിഡന്റ് ബൈജു ജോർജ് എന്നിവർ സംസാരിച്ചു. ജൈവകൃഷി മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ രക്ഷിതാവ് കെ എഫ് ജോണിനെ ചടങ്ങിൽ ആദരിച്ചു. യുവ കവയത്രി സ്റ്റെല്ല മാത്യു സ്വന്തം കവിത ചൊല്ലി. പോഷണവും കൗമാര ആരോഗ്യവും എന്ന വിഷയത്തിൽ എൻസിഡി ഡയറ്റീഷ്യൻ എം ഷീബ, പഠന പ്രചോദനവും ആരോഗ്യ ജീവിത രീതിയും എന്ന വിഷയത്തിൽ ആർ.കെ.എസ്.കെ കൗൺസിലർ ജാസ്മിൻ ബേബി എന്നിവർ ക്ലാസുകളെടുത്തു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആരോഗ്യപ്രവർത്തകരും ചേർന്നൊരുക്കിയ പോഷകാഹാര പ്രദർശനവും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെകുറിച്ചുള്ള ലഘുലേഖയുടെ വിതരണവും നടന്നു. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുത്ത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പരിപോഷിപ്പിക്കുകയും ഭാവിയിൽ ജീവിതശൈലീ രോഗ സാധ്യതകൾ ഇല്ലാതാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
പോഷണ ബോധവൽക്കരണവും പ്രദർശനവും നടത്തി
