കരണിയിലെ കൊലപാതകശ്രമം; ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരും വയനാട് പോലീസിന്റെ പിടിയിൽ

കരണിയിലെ കൊലപാതകശ്രമം;
ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരും വയനാട് പോലീസിന്റെ പിടിയിൽ

– നാല് പേരെയാണ് എറണാംകുളത്ത് നിന്നും സാഹസികമായി പിടികൂടിയത്. എട്ടുപേരെ മുമ്പ് പിടികൂടിയിരുന്നു.

– അക്രമം നടന്ന് ഒരു മാസത്തിനുള്ളില്‍ നാല് പേരെ എറണാകുളത്ത് നിന്നും മൂന്ന് പേരെ തമിഴ്നാട്ടില്‍ നിന്നും ഒരാളെ കോഴിക്കോട് നിന്നും പിടികൂടിയിരുന്നു

മീനങ്ങാടി: കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ അക്രമിസംഘത്തിലെ നാല് പേരെ കൂടി വയനാട് ജില്ലാ പോലീസ് സാഹസികമായി പിടികൂടി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ എറണാംകുളം സ്വദേശികളായ പനങ്ങാട്, കടന്ത്രറ വീട്ടില്‍ കെ.യു.പ്രവീണ്‍കുമാര്‍(27), മുളന്തുരുത്തി, ഏലിയേറ്റില്‍ വീട്ടില്‍ ജിത്തു ഷാജി(26), കളമശ്ശേരി, നാറക്കാട്ടില്‍ വീട്ടില്‍ സി. പ്രവീണ്‍(19), തൃക്കാക്കാരത്തോപ്പില്‍, വലിയപറമ്പില്‍ വീട്ടില്‍ ഷറഫദ്ദീന്‍(22) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരും വയനാട് ജില്ലാ പോലീസിന്റെ പിടിയിലായി. മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ബിജു ആന്റണി, ബത്തേരി എസ്.എച്ച്.ഓ എം.എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അക്രമം നടന്ന് രണ്ട് മാസത്തിനുള്ളില്‍ 12 പ്രതികളെയും വിവിധ ഇടങ്ങളില്‍ നിന്നായി പിടികൂടിയത്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളുടെ നീക്കം നിരീക്ഷിച്ചും, വേഷപ്രച്ഛന്നരായി നിരവധിയിടങ്ങളിൽ സഞ്ചരിച്ചുമാണ് പ്രതികളെ വലയിലാക്കിയത്. പിടിയിലായവരെല്ലാം നിരവധി കേസുകളില്‍ പ്രതികളാണ്.

12.10.2023 തിയ്യതി പുലര്‍ച്ചെയാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും, നിരവധി കേസുകളില്‍ പ്രതിയുമായ അഷ്‌കര്‍ അലിയെ വീട്ടില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞത്. തുടര്‍ന്ന്, പോലീസ് കൃത്യമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ നാല് പേരെ എറണാകുളത്ത് നിന്നും, മൂന്ന് പേരെ തമിഴ്നാട്ടില്‍ നിന്നും, ഒരാളെ കുറ്റ്യാടിയില്‍ നിന്നും പിടികൂടിയിരുന്നു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശികളായ മന്നം കോക്കര്‍ണി പറമ്പില്‍ ശരത്(34), മാഞ്ഞാലി കണ്ടാരത്ത് അഹമ്മദ് മസൂദ്(27), മന്നം കോക്കര്‍ണി പറമ്പില്‍ കെ.എ. അഷ്ബിന്‍(26), കമ്പളക്കാട് കല്ലപറമ്പില്‍ കെ.എം. ഫഹദ് (28), തനി കോട്ടൂര്‍ സ്വദേശി വരതരാജന്‍(34), തേനി അല്ലിനഗരം സ്വദേശി അച്ചുതന്‍ (23), ത്രിച്ചി കാട്ടൂര്‍ അണ്ണാനഗര്‍ സ്വദേശി മണികണ്ഠന്‍ (29) , എറണാകുളം, നോര്‍ത്ത് പറവൂര്‍, ചെല്ലപ്പുറത്ത് വീട്ടില്‍ സി. ജാഷിര്‍(24)എന്നിവരാണ് മുമ്പ് പിടിയിലായവര്‍.

Leave a Reply

Your email address will not be published. Required fields are marked *