വാകേരി കല്ലൂര്‍ക്കുന്നില്‍ വീണ്ടും കടുവ സാന്നിധ്യം

കല്‍പ്പറ്റ:പൂതാടി പഞ്ചായത്തിലെ കല്ലൂര്‍ക്കുന്നില്‍ വീണ്ടും കടുവ സാന്നിധ്യം. കര്‍ഷകന്‍ പ്രജീഷ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി കൂടല്ലൂരിനു സമീപമുള്ള പ്രദേശമാണ് കല്ലൂര്‍ക്കുന്ന്.

പ്രജീഷിനെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നു വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ട കടുവ നിലവില്‍ തൃശൂര്‍ പൂത്തുര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ്. നരഭോജി കടുവയെ നാടുകടത്തിയതിന്റെ ആശ്വാസത്തില്‍ ജനം കഴിയുന്നതിനിടെയാണ് കല്ലൂര്‍ക്കുന്നില്‍ ഇന്നു പകല്‍ കടുവ ഇറങ്ങിയത്. നരഭോജി കടുവയും കൂടല്ലൂരില്‍നിന്നു അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കല്ലൂര്‍ക്കുന്നില്‍ എത്തിയിരുന്നു. റോഡ് മുറിച്ചുകടക്കുന്ന കടുവയെ തൊഴിലാളികളാണ് കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് എത്തിയ വനപാലകര്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. കടുവ സാന്നിധ്യം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബത്തേരി വടക്കനാട് പച്ചാടിയില്‍ കടുവ പശുവിനെ കൊന്നിരുന്നു. പ്രദേശത്തെ കര്‍ഷകന്‍ രാജു മേയാന്‍ വിട്ട പശുവിനെയാണ് കടുവ പിടിച്ചത്. പശുവിനു വെള്ളം കൊടുക്കാനെത്തിയ യുവാവ് കടുവ പശുവിനെ ആക്രമിക്കുന്നതും പിന്നീട് ഓടി മറയുന്നതും കണ്ടു. വനപാലകര്‍ കാല്‍പാടുകള്‍ പരിശോധിച്ച് പശുവിനെ ആക്രമിച്ചത് കടുവയാണെന്നു സ്ഥിരീകരിക്കുകയുണ്ടായി. നിരീക്ഷണത്തിന് പ്രദേശത്ത് രണ്ട് കാമറ സ്ഥാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മീനങ്ങാടിക്ക് സമീപം തോട്ടത്തിലും കടുവ ഇറങ്ങിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *