മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ലീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ പഴശ്ശി പാർക്കിൽ നടന്ന സംയുക്ത ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി. മാനന്തവാടി കേന്ദ്രീകരിച്ച് വിവിധ അപ്പോസ്തോലിക സഭകളുടെ അൽമായ നേതൃത്വ വേദിയായ ക്രിസ്ത്യൻ ലീഡേഴ്സ് ഫോറം. തുടർച്ചയായ പതിമൂന്നാം വർഷമാണ് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്. തിരുനെല്ലി ബഡ്സ് പാരഡൈസ് സ്കൂളിലെ വിദ്യാർത്ഥികളും പെരുവക സെൻറ് ആൻസ് അഗതിമന്ദിരത്തിലെ അന്തേവാസികളും മണിപ്പൂർ കലാപത്തിന് ഇരകളായ വിദ്യാർഥികളും ക്രിസ്തുമസ് ആഘോഷത്തിന് പ്രത്യേക അതിഥികളായി എത്തി.
ഒ. ആർ. കേളു എം എൽഎ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് കൗൺസിൽ അഖിലേന്ത്യ ഉപാധ്യക്ഷൻ ഡോ. തോമസ് മോർ ജോസഫ് മെത്രാപ്പോലീത്ത മണിപ്പുർ കലാപത്തിന് ഇരകളായ മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന മേരി മാതാ കോളജ് മാനേജർ ഫാ.സിബി ചേലക്കാപ്പള്ളിൽ,
സംസ്ഥാന സ്കൗട്ട് അസി. ട്രയിനിംഗ് കമ്മിഷണറായി തിരഞ്ഞെടുക്കപ്പെട്ട ഷൈനി മൈക്കിൾ എന്നിവരെ മെമൻ്റോ നൽകി ആദരിച്ചു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകി. മുഖ്യരക്ഷാധികാരി ഫാ. വില്യം രാജൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാ ഉപാധ്യക്ഷൻ
ജേക്കബ് സെബാസ്റ്റ്യൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ലേഖ രാജീവൻ, പി .വി .എസ് മൂസ,സിന്ധു സെബാസ്റ്റ്യൻ, എ. ഫാത്തിമ, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ.എസ്. ഷാജി, ക്രിസ്ത്യൻ ലീഡേഴ്സ് ഫോറം പ്രസിഡൻ്റ് ജസ്റ്റിൻ ചെഞ്ചട്ടയിൽ, വിദ്യാപോഷിണി വായനശാല സെക്രട്ടറി റിച്ചാർഡ് ജെയ്സൻ,
ഫാ.ബിജു തുണ്ടിപ്പറമ്പിൽ,എ.കെ .സി സി ഗ്ലോബൽ സെക്രട്ടറി ഗ്ലാഡിസ് ചെറിയാൻ,കെ .എം .വർക്കി, കെ.ജി. ജോൺസൺ, ഷാജൻ ജോസ്, ടി.സി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
പഴശ്ശി പാർക്കിൽ നടന്ന ക്രിസ്തുമസ് ആഘോഷം തൃശ്ശിലേരി ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളുടെ നിറ സാന്നിധ്യം വേറിട്ട അനുഭവമാക്കി. ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ
പ്രശസ്ത കലാകാരനായ തോമസ് കുഴിനിലത്തിന് ഒപ്പം സംഗീത പരിപാടിയിലും സജീവമായി പങ്കുചേർന്നു . ഓരോ വിദ്യാർത്ഥികൾക്കും ക്രിസ്തുമസ് ആഘോഷച്ചടങ്ങിലെത്തിയ മുഴുവൻ പേർക്കും ഓരോ ഡ്രമ്മുകൾ നൽകിയിരുന്നു . തുടർന്ന് തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക താളത്തിൽ നടത്തിയ സംഗീത ആവിഷ്കാരം ഏറെ ശ്രദ്ധേയമായി . പാർക്കിലെ കാഴ്ചകൾ കണ്ടും കളിച്ചും ചരിച്ചും ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമാക്കി. ബഡ്സ് സ്കൂളിലെ ചുമതല വഹിക്കുന്ന സി. എസ്. ആഷിക്കിൻ്റെ നേതൃത്വത്തിലെത്തിയ സംഘം നിറമനസോടെയാണ് മടങ്ങിയത്. പെരുവക സെൻറ് ആൻസ് അഗതിമന്ദിരത്തിലെ അന്തേവാസികളും ക്രിസ്തുമസ് ആഘോഷത്തിൽ സജീവമായി. 101 വയസ്സുകാരി മേരിയമ്മയും പാട്ടു പാടി കലാവിരുന്നിൽ പങ്കുചേർന്നു. മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥി സംഘം സമൂഹ ഗാനം ആലപിച്ചു. സ്നേഹ വിരുന്നും നടന്നു.
