വയനാട് മെഡിക്കൽ കോളേജ്; പുതിയ കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കണം: എസ്ഡിപിഐ.

മാനന്തവാടി : 45 കോടി രൂപ ചിലവിൽ വയനാട് മെഡിക്കൽ കോളേജിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണത്തിലെ അപാകത അന്വേഷിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി.

നിർമാണത്തിലെ അപാകത മൂലം കക്കൂസ് മാലിന്യമടക്കം പരന്നൊഴുകി കെട്ടിടത്തിലെ ലിഫ്റ്റ് അടക്കം തകരാറിലായിരിക്കുകയാണ്.
ശുചിമുറിയിലെ പരന്നൊഴുകുന്ന മാലിന്യം കാരണം വൃത്തിഹീനമായ അന്തരീക്ഷമാണ് 7 നിലയുള്ള ഈ കെട്ടിടത്തിലെ വിവിധ നിലകളിൽ.
രോഗികളും ഡോക്ടർമാരുമടക്കം നിരവധിയാളുകളാണ് ഇത് മൂലം പ്രയാസത്തിലായിരിക്കുന്നത്. ജനറൽ മെഡിസിൻ വിഭാഗത്തിൽ വാർഡുകൾ ഈ കെട്ടിടത്തിലായതിനാൽ തന്നെ അഡ്മിറ്റായ രോഗികളെ വിവിധ ആവശ്യങ്ങൾക്ക് കൊണ്ട് പോവുന്നതിന് ലിഫ്റ്റ് തകരാറിലായതിനാൽ വളരെയധികം ബുദ്ധിമുട്ടും നേരിട്ട് കൊണ്ടിരിക്കുകയാണ്.

അതിനാൽ ഉടൻ തന്നെ ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും നിർമാണത്തിലെ അപാകത അന്വേഷിച്ച് കരാറുകാരനെതിരെയും ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പ് തല നടപടിയടക്കം സ്വീകരിക്കണമെന്നും യോഗംആവശ്യപ്പെട്ടു.

യോഗത്തിൽ മുൻസിപ്പൽ പ്രസിഡൻറ് സജീർ എം ടി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി, റാഫി എരുമത്തെരുവ്,
ഖാലിദ് താഴയങ്ങാടി, സുബൈർ എരുമത്തെരുവ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *