കോളറ: നിരീക്ഷണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം.

കൽപ്പറ്റ : കോളറ റിപ്പോര്‍ട്ട് ചെയ്ത നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ രോഗനിരീക്ഷണ- പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ എല്ലാ വീടുകളിലെയും കിണര്‍, കുടിവെള്ള സ്രോതസ്സുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലോറിനേറ്റ് ചെയുന്നുണ്ട്. പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളില്‍ കോളനികള്‍ കേന്ദ്രീകരിച്ച് പൊതു കിണറുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പ്രദേശവാസികള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ നേരിട്ട് ഉറപ്പാക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. പഞ്ചായത്തില്‍ ജല-ജന്യരോഗങ്ങള്‍ തടയുന്നതിന് ആരോഗ്യ-വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടികളും ലഘുലേഖാ വിതരണവും നടത്തി. ഇതുവരെ 2875 വീടുകളില്‍ രോഗ നിരീക്ഷണവും 3522 പേര്‍ക്ക് പ്രതിരോധ മരുന്നുകളും1165 ഒ. ആര്‍.എസ് പാക്കറ്റുകളും വിതരണം ചെയ്തു. 849 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു. 12 കുടിവെള്ള സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. 7 പേര്‍ക്കാണ് കോളറ സ്ഥിരീകരച്ചത്. ഒരാള്‍ മരണപ്പെടുകയും 17 പേര്‍ ചികിത്സയിലുണ്ട്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കോളറ നിയന്ത്രണ വിധേയമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി ദിനീഷ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *