ദുരന്തബാധിതര്‍ക്ക് കൈതാങ്ങാകാന്‍ നെല്‍കൃഷിയുമായി എംജിഎം സ്‌കൂള്‍

തൃശ്ശിലേരി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ഏറ്റവും അര്‍ഹതപ്പെട്ട മൂന്നു കുടുംബങ്ങള്‍ക്കു വീടുവെച്ചു നല്‍കാന്‍ വേറിട്ട സമീപനവുമായി എം.ജി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. വീട് നിര്‍മ്മാണത്തിനുള്ള ഫണ്ട് നെല്‍ക്കൃഷിയിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍. സ്‌കൂള്‍ മാനേജര്‍ ഫാ. സക്കറിയ വെളിയത്ത്, പ്രിന്‍സിപ്പല്‍ മാത്യു സക്കറിയ എന്നിവര്‍ തങ്ങളുടെ ആശയം സ്‌കൂള്‍ യോഗത്തില്‍ അറിയിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പൂര്‍ണസമ്മതം. തുടര്‍ന്ന് ആദ്യഘട്ടമായി തൃശ്ശിലേരി കാറ്റാടി പാടശേഖരത്തില്‍ സകൂളിന്റെ നെല്‍ക്കൃഷി തുടങ്ങി.

തൃശ്ശിലേരിയിലെ മലക്കാരി എന്നവരില്‍ നിന്നു പാട്ടത്തിനെടുത്ത ഒരേക്കര്‍ വയലിലാണ് പാലക്കാടന്‍ മട്ട കൃഷി ചെയ്യുന്നത്. നിലമൊരുക്കുന്നതിനും മറ്റും യന്ത്രങ്ങളുടെ സഹായമുണ്ടെങ്കിലും സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒറ്റ മനസ്സോടെ പാടത്തേക്കിറങ്ങി. തൃശ്ശിലേരി കാറ്റാടിയിലെ ബെന്നി എന്ന കര്‍ഷകന്റെ മാര്‍ഗ നിര്‍ദേശത്തിലാണ് നെല്‍ക്കൃഷി ചെയ്യുന്നത്. വരമ്പുവെക്കാനും മറ്റും തൊഴിലാളികളുടെ സഹായം തേടുന്നുണ്ട്. നെല്‍ക്കൃഷിയുടെ വിവിധ ഘട്ടമായ നിലമൊരുക്കല്‍, ഞാറു നടല്‍, വെള്ളം തിരിക്കല്‍, കള പറിക്കല്‍ വളമിടല്‍, കൊയ്ത്ത് തുടങ്ങിയ പ്രവൃത്തികള്‍ക്കായി പ്രത്യേകം വിദ്യാര്‍ഥി ടീമിനെ നിശ്ചയിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുന്നത്.

ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികളാണ് ഞാറു നടീല്‍ നടത്തിയത്. 55 വിദ്യാര്‍ഥികളാണ് ഞാറുനടലില്‍ പങ്കാളികളായത്. ഞാറുനടീല്‍ ഉത്സവം പ്രിന്‍സിപ്പല്‍ മാത്യു സക്കറിയ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. ജയദേവന്‍, അമൃത വര്‍ഗീസ്, ഷിന്റോ കെ. ജോണ്‍, സി.പി. നീതു, യു. ഹഫ്സത്ത്, പി.ടി.എ. പ്രസിഡന്റ് ടി. രാജന്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *