കല്‍പറ്റ: സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങള്‍ക്ക് പരിഗണന നല്‍കാതെ, നടപ്പിലാക്കുന്ന എല്ലാ പദ്ധതികളെയും എതിര്‍ക്കുകയാണെങ്കില്‍ അത് സാങ്കേതിക വ്യാവസായിക വികസനത്തിന് തിരിച്ചടിയാവുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്.
കാസര്‍കോഡ്, വയനാട് ജില്ലകളിലൂടെ അന്തര്‍സംസ്ഥാന പ്രസരണ ശൃംഖലയെ ബന്ധിപ്പിച്ച് വൈദ്യുതി ബോര്‍ഡ് നിര്‍മ്മിക്കുന്ന 400 കെ.വി ഡബിള്‍ സര്‍ക്യൂട്ട് പവര്‍ ഹൈവേയുടെ ടവര്‍ ലൊക്കേഷന്‍ എ.പി 86 മുതല്‍ എ.പി 94 വരെയുള്ള റൂട്ട് കൃഷിയിടങ്ങള്‍ നശിപ്പിക്കുമെന്ന പരാതിയില്‍ ഇടപെട്ടുകൊണ്ടാണ് കമ്മീഷന്‍ ഉത്തരവ്. എന്നാല്‍ പരാതിക്കാരുടെ ഭയാശങ്കകള്‍ ദൂരീകരിക്കണമെന്നും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
വയനാട് (പയ്യമ്പള്ളി) കാസര്‍കോട് (കരിന്തളം) 400 കെ.വി ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ നിര്‍മ്മിക്കുന്നതിനായി കെ.എസ്.ഇ.ബി കേളകം, കണിച്ചാര്‍ ഗ്രാമപഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയെന്നാണ് പരാതി. ഏറ്റവും അനുയോജ്യമായ റൂട്ടാണ് പദ്ധതിക്ക് തെരഞ്ഞടുത്തതെന്നും, ജനവാസ മേഖല പരാമവധി ഒഴിവാക്കിയിട്ടുണ്ടെന്നും കെ.എസ്.ഈ.ബി കമ്മീഷനെ അറിയിച്ചു. ഭൂമി നഷ്ടപെടുന്നവര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഉത്തരമലബാറിലെ വൈദ്യുതി ആവശ്യകത നേരിടാനും വൈദ്യുതി തടസ്സങ്ങള്‍ ഒഴിവാക്കാനും കേരളത്തിലെ വൈദ്യുതി ശൃംഖല അന്തര്‍ സംസ്ഥാന പ്രസരണ സംവിധാനങ്ങളുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇതില്‍ പ്രധാനം കര്‍ണാടകത്തിലെ ഉഡുപ്പി ജനറേറ്റിംഗ് സ്‌റ്റേഷനില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കേരളത്തില്‍ എത്തിക്കുന്നതാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരുടെ ആവശ്യം കെ.എസ്. ഇ.ബി വിശദമായി പരിശോധിച്ചിട്ടുണ്ട്. സാങ്കേതിക സുരക്ഷാ കാരണങ്ങളാല്‍ ബദല്‍ റൂട്ട് അലൈന്‍മെന്റ് നടപ്പാക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈ വാദം കമ്മീഷന് നിരാകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കെ. എസ്.ഇ.ബി സ്വീകരിച്ചത് ഏകപക്ഷീയമായ നിലപാടല്ല. നിയമാനുസൃതമായ നഷ്ടപരിഹാരം കെ.എസ്.ഇ.ബി ഉറപ്പാക്കും. നിലവിലുളള താമസക്കാരെ കുടിയൊഴിപ്പിക്കേണ്ടി വരില്ലെന്ന് കെ.എസ്.ഈ.ബി വ്യക്തമാക്കിയിട്ടുണ്ട്. പരാതി വിഷയത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രവൃത്തി പുരോഗമിക്കുന്ന ഒരു പ്രധാനപദ്ധതിയെ അനിശ്ചിതത്വത്തിലാക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. വയനാട്കാസര്‍കോട് 400 കെ.വി ട്രാന്‍സ്ഗ്രിഡ് ആക്ഷന്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഷൈജു വര്‍ഗീസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
വികസനത്തിന് പരിഗണന നല്‍കാതെ പദ്ധതികളെയെല്ലാം എതിര്‍ക്കരുത്: മനുഷ്യാവകാശ കമ്മീഷന്
