പുൽപ്പള്ളി: മുള്ളൻകൊല്ലിയിലെ കോൺഗ്രസ്സിനുള്ളിലെ വിവാദങ്ങളുടെ തുടർച്ചയായി മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. വിജയൻ രാജി സന്നദ്ധതയയറിയിച്ച് കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകി. കഴിഞ്ഞ രണ്ടാഴ്ചയായി മുള്ളൻകൊല്ലി പഞ്ചായത്തിലെ ക്വാറി വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയിലെ ചില നേതാക്കൾ പാർലമെൻ്ററി പാർട്ടി യോഗം വിളിക്കാതെയും ഭരണസമിതിയുമായി അലോചിക്കാതെ ഭരണസമിതിക്കെതിരെ മാധ്യമങ്ങളിലൂടെ വാർത്ത നൽകുകയും ക്വാറി ഉടമകളെ വഴിവിട്ട് സഹായിച്ചെന്ന രൂപേണ വാസ്തവ വിരുദ്ധമായി വാർത്തകൾ നൽകുകയും ചെയ്തതായി ആരോപിച്ചാണ് പ്രസിഡന്റ് രംഗത്ത് വന്നത്. മുള്ളൻ കൊല്ലി പഞ്ചായത്തിലെ ക്വാറികൾക്ക് അനുമതി നൽകാൻ തീരുമാനിച്ചത് മേൽഘടകങ്ങളിൽ നിന്നും ലഭിക്കേണ്ട എല്ലാ രേഖകളും പഞ്ചായത്തിൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും ഭരണ സമിതിയോഗം ചേർന്ന് ഐക്യകണ്ഠേനയെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും ഈ കാര്യത്തിൽ പ്രതിപക്ഷ മെമ്പർമാർ. പോലും ആക്ഷേപമുന്നയിച്ചില്ലന്നും എന്നാൽ കോൺഗ്രസ് പാർട്ടി നേതൃത്വം യു.ഡി.എഫ്. ഭരണസമിതിക്കെതിരെ നടത്തിയ ഈ ആരോപണത്തെ തുടർന്ന്താൻ രാജിവെക്കാൻ തീരുമാനിച്ചതായും വിജയൻ പറയുന്നു.
സി.പി.എം. ഈ വിഷയം ഏറ്റെടുക്കുകയും പഞ്ചായത്ത് പ്രസിഡൻറിൻ്റെ രാജിയാവശ്യപ്പെട്ട് പഞ്ചായത്തിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു., തന്നെ അപകീർത്തിപ്പെടുത്താനുള്ള ചില പാർട്ടി നേതാക്കളുടെ നടപടിയിലും പഞ്ചായത്ത് ഭരണസമിതിയെ സംരക്ഷിക്കേണ്ട മുള്ളൻകൊല്ലിയിലെ കോൺഗ്രസ് നേതൃത്വം ആരോപണമുന്നയിച്ചതിലും സ്വന്തം പാർട്ടിയിൽനിന്നുതന്നെ തനിക്കെതിരെ വാസ്തവ വിരുദ്ധമായ വാർത്തകൾ സൃഷ്ടിച്ച് തന്നെ സമൂഹത്തിന് മുന്നിലും പാർട്ടി പ്രവർത്തകർക്കിടയിലും അവഹേളിക്കാൻ ശ്രമിക്കുകയാണെന്നും ഒരു ഹരിജൻ വിഭാഗത്തിൽനിന്നുള്ള ആളായതുകൊണ്ട് തനിക്കെതിരെ മനപൂർവം പടച്ചുവിടുന്ന ആരോപണങ്ങൾ ആരും ചോദ്യം ചെയ്യാൻതയ്യാറാവുന്നില്ലെന്നും ഈ അവഹേളനം സഹിച്ചുകൊണ്ട് പാർട്ടി നേതൃത്വത്തിന് കീഴിൽ മുന്നോട്ടുപോകാൻ തനിക്ക് കഴിയില്ലെന്നും അതുകൊണ്ട് തന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയാണെന്നും അറിയിച്ചാണ് കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരൻ, കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതിയംഗം എ.പി. അനിൽകുമാർ എം.എൽ.എ., കെ.പി.സി.സി. വർക്കിങ് പ്രസിഡൻ്റ് ടി. സിദ്ദിഖ് എം.എൽ.എ., ടി.എൻ. പ്രതാപൻ, സണ്ണി തോമസ് എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവർക്കാണ് പി കെ വിജയൻ കഴിഞ്ഞ ദിവസം കത്ത് നൽകിയത്.
