വൈത്തിരി: ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ പ്രകൃതി ദുരന്തത്തിന് ശേഷം നിശ്ചലമായ വയനാട് ജില്ലയിലെ ടൂറിസം മേഖലക്ക് പുത്തൻ ഉണർവ്വേകി കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം വിഭാഗം പുനരാരംഭിച്ചു. ഇന്നലെ കണ്ണൂരിൽ നിന്നും മുപ്പതിലധികം സഞ്ചാരികളുമായി കെഎസ്ആർടിസി ബസ് ജില്ലയിലെത്തി. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിലധികമായി താത്കാലികമായി കെഎസ്ആർടിസിയുടെ ജില്ലയിലേക്കുള്ള ടൂറിസം ട്രിപ്പുകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. വയനാട് ജില്ലയാകെ തകർന്നു എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ജില്ലയെ ഉയിർത്തെഴുന്നേല്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെയാണ് ജില്ലയിലേക്കുള്ള യാത്ര തിരഞ്ഞെടുത്തതെന്ന് പിന്നാലെയെത്തിയ യാത്രക്കാർ പറഞ്ഞു. വയനാടിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യപകമായി തന്നെ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്നും ഇവർ പറഞ്ഞു. നിശ്ചലമായി കിടക്കുന്ന ജില്ലയിലെ ടൂറിസം മേഖലക്ക് പ്രാമുഖ്യം നൽകി കൂടുതൽ ട്രിപ്പുകൾ സംഘടിപ്പിച്ചു പരമാവധി സഞ്ചാരികളെ ജില്ലയിലെത്തിക്കുമെന്നു കെഎസ്ആർടിസി ടൂറിസം വിഭാഗം സോണൽ കോ-ഓർഡിനേറ്റർ സി ഡി വർഗീസ്, ജില്ല കോ-ഓർഡിനേറ്റർ ആർ റൈജു എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇന്നലെ തുഷാരഗിരി, പൂക്കോട് തടാകം, ബി ക്രാഫ്റ്റ് ഹണി മ്യുസിയം, എൻ ഊര് ഗോത്ര പൈതൃക ഗ്രാമം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം വൈകിട്ട് സഞ്ചാരികൾ കണ്ണൂരിലേക്കു തിരിച്ചു പോയി. ഡ്രൈവർ രാജൻ, കണ്ടക്ടർ സ്വപ്ന എന്നിവരാണ് സഞ്ചാരികളുമായി ജില്ലയിലെത്തിയത്. സഞ്ചാരികൾക്കും ബസ് ജീവനക്കാർക്കും വൈത്തിരി ബി ക്രാഫ്റ്റ് ഹണി മ്യുസിയം സ്വീകരണം നൽകിയത് സന്ദർശകരെ സന്തോഷത്തിലാക്കി. ഡ്രൈവർ രാജനെയും കണ്ടക്ടർ സ്വപ്നയേയും ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരി ഷാൾ അണിയിച്ചു സ്വീകരിച്ചു. മ്യുസിയത്തിൽ നടന്ന ചടങ്ങിൽ , കെഎസ്ആർടിസി സോണൽ കോർഡിനേറ്റർ വർഗീസ് സി ഡി, ജില്ലാ കോർഡിനേറ്റർ റൈജു ആർ വയനാട് ടൂറിസം അസോസിയേഷൻ ചെയർമാൻ കെ പി സെയ്ത് അലവി, ബി ക്രാഫ്റ്റ് ഫൗണ്ടർ ഉസ്മാൻ മദാരി എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലയിൽനിന്നുമെത്തിയ സഞ്ചാരികൾക്ക് മധുരപലഹാരം നൽകി പുതിയ വരവ് ബീക്രാഫ്റ്റ് ഹണി മ്യുസിയം ആഘോഷമാക്കി.
