മുട്ടിൽ : സ്പർശം പെയിൻ ആൻ്റ് പാലിയേറ്റീവ് സ്റ്റുഡൻസ് വിങ്ങിൻ്റെ നേതൃത്വത്തിൽ ‘ഒറ്റയ്ക്കല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ’ എന്ന സന്ദേശവുമായി രോഗീപരിചരണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അമ്പതോളം കുട്ടി വൊളണ്ടിയർമാർ കിടപ്പുരോഗികളുടെ വീടുകളിലെത്തി സാന്ത്വന സന്ദേശം പകർന്നു. കുട്ടികൾ ഓണ സമ്മാനങ്ങൾ കൈമാറുകയും പാട്ടുകൾ പാടിയും സ്നേഹാശംസകൾ നേർന്നും രോഗികൾക്കും കുടുംബാംഗങ്ങൾക്കും സന്തോഷം പകർന്നുമാണ് സന്ദർശന ദൗത്യം പൂർത്തീകരിച്ച് മടങ്ങിയത്. രാവിലെ 9 മണിക്ക് സ്പർശം ട്രഷറർ ജോസഫ് ജോർജ് കാക്കവയലിൽ നിന്ന് ഉദ്ഘാടനം ചെയ്ത സന്ദർശന പരിപാടി വൈകിട്ട് മാണ്ടാട് സമാപിച്ചു. സ്പർശം സെക്രട്ടറി കെ.അസ്ഗറലി ഖാൻ, കോ-ഓഡിനേറ്റർമാരായ സുനീറ ജലീൽ, ടി.ഉസ്മാൻ, ഫസീല ഷിഹാബ്, പി.അജ്നാസ് തുടങ്ങിയവർ നേതൃത്വം നൽകി.
