സമന്വയം പദ്ധതിക്കു തുടക്കമായി; 627 യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

കല്‍പ്പറ്റ : ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും നൈപുണി വികസനത്തിനും കേരള ഇക്കോണമി മിഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും സംയുക്തമായി നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് മാതൃകാപരമാണെന്ന് അവര്‍ പറഞ്ഞു. അഭ്യസ്തവിദ്യര്‍ക്ക് തൊഴിലും ജീവനോപാധിയും നല്‍കാനുതകുന്നതാണ് ക്യാമ്പ്. ജോലിയില്‍ ഒതുങ്ങിനില്‍ക്കാതെ പുത്തന്‍ ആശയങ്ങളും സാധ്യതകളും യുവജനങ്ങള്‍ സ്വായത്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. അവസര സമത്വവും വിദഗ്ധ പരിശീലനവും പിന്തുണയും ലഭ്യമാക്കുകയും നവ തൊഴില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള പരിശീലനം നല്‍കുകയുമാണ് സമന്വയം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു അദ്ദേഹം പറഞ്ഞു. ഡിസംബറോടെ ഒരു ലക്ഷം പേരുടെ തൊഴില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കും. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയനുസരിച്ച് ജോലി ലഭിക്കുന്നതിന് അവസരമൊരുക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
എഡിഎം കെ. ദേവകി, ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ പി. റോസ, എ. സൈഫുദ്ധീന്‍ ഹാജി, കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍, കേരള നോളജ് ഇക്കോണമി മിഷന്‍ റീജിയണല്‍ പ്രോജക്ട് മാനേജര്‍ ഡയാന തങ്കച്ചന്‍, കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കെ.ഒ. അഹമ്മദുകുട്ടി ബാഖവി, കെഎന്‍എം പ്രതിനിധി സയ്യിദ് അലി സ്വലാഹി, കെഎല്‍സി പ്രതിനിധി തോമസ് ചെമ്മനം, ഡബ്ല്യൂഎംഒ പ്രസിഡന്റ് കാദര്‍ പട്ടാമ്പി, വയനാട് ജൈന്‍ സമാജം ഡയറക്ടര്‍ രാജേഷ്, പ്രസിഡന്റ് നേമി രാജ്, കെ.കെ. മുഹമ്മദലി ഫൈസി, ഐപിഎഫ് ഡയറക്ടര്‍ ഡോ.ഇര്‍ഷാദ്, കല്‍പ്പറ്റ ദാറുല്‍ ഫലാഹ് ജനറല്‍ സെക്രട്ടറി കെ.കെ. മുഹമ്മദലി ഫൈസി, കെകെഇഎം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ സനീഷ് കുമാര്‍, ജൈന സമാജം ഡയറക്ടര്‍ മഹേന്ദ്രകുമാര്‍, മാനന്തവാടി സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ.മനോജ്, മാനന്തവാടി രൂപത മൈനോരിറ്റി സെല്‍ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, യൂസഫ് ചെമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. നോളജ് എക്കോണമി മിഷന്‍ ഡൈവേഴ്‌സിറ്റി ഇന്‍ക്ലൂഷന്‍ മാനേജര്‍ പി.കെ. പ്രജിത്ത്, പ്രോഗ്രാം മാനേജര്‍ ധന്യ പവിത്രന്‍ എന്നിവര്‍ ക്ലാസെടുത്തു.
തൊഴില്‍ ക്യാമ്പില്‍ മുസ്‌ലിം, ക്രിസ്ത്യന്‍, ജൈന വിഭാഗങ്ങളിലെ 627 ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരെ പരിശീലനത്തിലൂടെ തൊഴില്‍ സജ്ജരാക്കും. തുടര്‍ന്ന് വിവിധ തൊഴിലുകളില്‍ എത്തിക്കും.
നോളജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്‌ഫോമില്‍ നിലവില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 300ല്‍ അധികം തൊഴിലവസരങ്ങള്‍ ലഭ്യമാണ്. സ്വകാര്യ തൊഴില്‍ ദാതാക്കളുമായി കൈകോര്‍ത്ത് ജില്ലാ, സംസ്ഥാനതലം, സംസ്ഥാനത്തിന് പുറത്ത് എന്നിങ്ങനെ മേഖലകള്‍ തരംതിരിച്ചാണ് തൊഴിലവസരങ്ങള്‍ ഒരുക്കുക.

Leave a Reply

Your email address will not be published. Required fields are marked *