അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടാന്‍ നെന്‍മേനി പഞ്ചായത്ത് ഉത്തരവിട്ടു

സുല്‍ത്താന്‍ ബത്തേരി: നറുമാടില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടാന്‍ നെന്‍മേനി പഞ്ചായത്ത് ഉത്തരവിട്ടു. വൃത്തിഹീന സാഹചര്യത്തിലാണ് ഫാം പ്രവര്‍ത്തിക്കുന്നതെന്ന പരാതി പഞ്ചായത്തിനു ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭരണസമിതി നടത്തിയ പരിശോധനയില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടു. മീനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ 500ഓളം പന്നികളുണ്ട്. ജനപ്രതിനിധികള്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍, ചത്ത പന്നിക്കുഞ്ഞുങ്ങളെ സംസ്‌കരിക്കാതെ മുറ്റത്തിട്ടിരിക്കയായിരുന്നു. ഫാമിലെ മാലിന്യം സംസ്‌കരിക്കുന്നതിന് മതിയായ സൗകര്യം ഒരുക്കിയിട്ടില്ല. ഫാം കഴുകുന്ന വെള്ളവും മറ്റു മാലിന്യവും സമീപത്തെ തോട്ടില്‍ ഒഴുക്കുന്നതായും കണ്ടെത്തി. മതിയായ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ ഫാമിനു ലൈസന്‍സ് നല്‍കൂ എന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജയ മുരളി, വി.ടി. ബേബി, അംഗങ്ങളായ വി.എ. അഫ്‌സല്‍, അനിത കല്ലൂര്‍, സെക്രട്ടറി എം.ബി. ലതിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

Leave a Reply

Your email address will not be published. Required fields are marked *