പന്തിപൊയില്‍ പാലം പുനര്‍നിര്‍മ്മിക്കണം, മുണ്ടക്കുറ്റി-കക്കടവ് പാലം അപ്പ്രോച്ച് റോഡ് നവീകരിക്കണം: ടി സിദ്ധിഖ് എം എല്‍ എ.

കല്‍പ്പറ്റ: പന്തിപ്പൊയില്‍ പാലം പുനര്‍നിര്‍മാണം നടത്തുന്നതിനും മുണ്ടക്കുറ്റി-കക്കടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡ് നവീകരിക്കുന്നതിനും ആവശ്യപ്പെട്ടു കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ധിഖ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്ത് നല്‍കി. തരുവണ-വൈത്തിരി റോഡിലെ പന്തിപൊയില്‍ ടൗണില്‍ സ്ഥിതിചെയ്യുന്ന പാലം അപകടാവസ്ഥയിലാണ്. വര്‍ഷങ്ങളോളം പഴക്കമുള്ള പ്രസ്തുത പാലം ബാണാസുര സാഗര്‍ ഡാമിനോട് ചേര്‍ന്ന പ്രദേശമായതിനാലും, കുറ്റ്യാടി പോലെ വിവിധ സ്ഥലങ്ങളിലേക്കും എളുപ്പം എത്തുന്നതിനുള്ള വഴിയുമായതിനാല്‍ നിരവധി വാഹനങ്ങളാണ് ദിവസേന കടന്ന് പോകുന്നത്. പ്രസ്തുത പാലത്തിന്റെ തൂണുകള്‍ ദ്രവിച്ചതിനാല്‍ ഏത് നിമിഷവും പാലം നിലം പൊത്താന്‍ സാധ്യതയേറെയാണ്. ഈ സ്ഥിതിവിശേഷം തുടരുകയാണെങ്കില്‍ ഒരു വലിയ ദുരന്തം സംഭവിക്കുവാനും, മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുവാനും സാധ്യതയേറെയാണ്. അതോടൊപ്പം തന്നെ മുണ്ടക്കുറ്റി-തരുവണയുമായി ബന്ധിപ്പിക്കുന്ന പാലമായ കക്കടവ് പാലത്തിന്റെ നിര്‍മ്മാണം കഴിഞ്ഞിട്ട് 6 വര്‍ഷത്തോളമായി. പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും പ്രസ്തുത പാലം തന്നെയാണ്. ഈ പാലത്തിന് അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ മാനന്തവാടി ഭാഗത്ത് നിന്ന് വരുന്ന ബസ് കക്കടവ് വരെ സര്‍വ്വീസ് നടത്തി തിരിച്ച് പോകുകയാണ്. ഈ ബസ് മുണ്ടക്കുറ്റിയില്‍ വരെ എത്തണമെങ്കില്‍ മുണ്ടക്കുറ്റി-കക്കടവ് അപ്രോച്ച് റോഡ് ഗതാഗതയോഗ്യമാക്കേണ്ടതാണ്. തോട്ടം തൊഴിലാളികളും, വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പാലമാണ് കക്കടവ് പാലം. ഈ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതുമാണ്. ആയതുകൊണ്ട് തന്നെ ഈ രണ്ടു പ്രവര്‍ത്തികളും വേഗത്തിലാക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *